ലഖ്നോ: യു.പി മുൻ എം.എൽ.എ മുഖ്താർ അൻസാരിയുടെ സഹായി സഞ്ജീവ് മഹേശ്വരി എന്ന ജീവയെ വധിക്കാൻ കൊലയാളിക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപയാണ്. എന്നാൽ കൊലപാതകം കഴിഞ്ഞ് കൊലയാളിയായ വിജയ് യാദവ് എന്ന ആനന്ദ് യാദവിന് 8000 രൂപയാണ് കിട്ടിയത്.
വെടിവെപ്പിനു പിന്നാലെ യാദവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ പ്രതിഫലക്കാര്യത്തെ കുറിച്ച് പറഞ്ഞത്. മുൻകൂറായാണ് 8000 രൂപ നൽകിയത്. ബാക്കി തുക കൃത്യം നടന്നുകഴിഞ്ഞാൽ നൽകുമെന്നും വാഗ്ദാനം ചെയ്തു. ആരാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് എന്ന കാര്യം യാദവ് പൊലീസിനോട് വെളിപ്പെടുത്തിയില്ല.
സംശയമുള്ള ആളുകളുടെ പേരുകൾ പൊലീസ് പറഞ്ഞിട്ടും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ഇയാൾ മനപ്പൂർവം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കനത്ത സുരക്ഷയിൽ ചൗക്ക് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ജൂലൈ 17 വരെയാണ് യാദവിനെ കസ്റ്റഡിയിൽ വെക്കാൻ പൊലീസിന് അനുമതിയുള്ളത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ലഖ്നോ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെയാണ് ജീവയെ യാദവ് വെടിവെച്ച് കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.