തൃശൂർ: ജില്ലയിൽ കെ.എസ്.യുവിൽ പണാപഹരണ വിവാദം. ജില്ല നേതാവിനെതിരെയാണ് സാമ്പത്തികാരോപണം ഉയർന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജില്ല ജനറൽ സെക്രട്ടറിയുടെ നിയമ സഹായത്തിനും മറ്റുമായി ഡി.സി.സിയിൽനിന്ന് നൽകിയ പണം നേതാവ് പോക്കറ്റിലാക്കിയെന്നാണ് ആക്ഷേപം. ഡി.സി.സി പണം നൽകിയിരുന്നതായി കെ.എസ്.യു നേതാക്കളെ അറിയിച്ചതോടെയാണ് നേതാവ് പോക്കറ്റിലാക്കിയ വിവരം അറിഞ്ഞത്.
ഇത് സംബന്ധിച്ച് കെ.എസ്.യു ജനറൽ സെക്രട്ടറി തന്നെയാണ് കെ.പി.സി.സിക്കും എൻ.എസ്.യു, കെ.എസ്.യു നേതൃത്വത്തിനും ഡി.സി.സി പ്രസിഡൻറിനും പരാതി നൽകിയത്. പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട കേസിൽ തൃശൂർ കോടതിയിൽനിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങുമ്പോഴാണ് മറ്റൊരു വാറൻറ് കേസിൽ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു. അന്ന് ഭക്ഷണം വാങ്ങി നൽകാനും ജാമ്യമെടുക്കാനും പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകാനുമാണ് കെ.എസ്.യു നേതാവിന് ഡി.സി.സി പണം നൽകിയത്. എന്നാൽ ഇത് മറച്ചുവെച്ചു. കെ.എസ്.യുവിെൻറ മറ്റ് നേതാക്കൾ പണം സംഘടിപ്പിച്ച് ജാമ്യനടപടികൾ പൂർത്തിയാക്കി. നാലാം ദിവസമാണ് ജാമ്യം ലഭിച്ചത്. നേതാവിനെ കുറിച്ച് നേരത്തെയും സമാന പരാതികളുണ്ടെന്നാണ് കെ.എസ്.യു നേതൃത്വം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. ജില്ലയിൽ കോൺഗ്രസിനേക്കാൾ വലിയ ഗ്രൂപ് പോരാണ് കെ.എസ്.യുവിൽ നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ജില്ല സെക്രട്ടറിയുടെ ഡിവിഷനിൽ അയാൾ അറിയാതെ എസ്.എസ്.എൽ.സി അവാർഡ് വിതരണ പരിപാടി സംഘടിപ്പിച്ചതും മണ്ഡലം പ്രസിഡൻറിനെ നിയമിച്ചതും തർക്കത്തിനിടയാക്കിയിരുന്നു. പരസ്യമായി എതിർത്ത ജില്ല സെക്രട്ടറിയുടേത് സംഘടന വിരുദ്ധ നടപടിയാണെന്ന് കണ്ടെത്തി ചുമതലയിൽനിന്ന് നീക്കി നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.