കോന്നി: മരണം മുന്നിൽകാണുകയും ദീർഘ ആശുപത്രി വാസത്തിൽ ജീവൻ തിരിച്ചുപിടിക്കുകയും ചെയ്ത വിദ്യ കനലുകൾ എരിയുന്ന കണ്ണുകളുമായി വീട്ടിലെത്തി. അകന്നുകഴിയുന്ന ഭർത്താവ് സന്തോഷിെൻറ ആക്രമണത്തിൽ ഇടതുകൈപ്പാദം അറ്റുപോവുകയും വലതുകൈക്കും ഇരുകാലുകൾക്കും ഗുരുതര വെട്ടേൽക്കുകയും ചെയ്തിരുന്നു.
കലഞ്ഞൂർ ചാവടി മലയിൽ വിദ്യയുടെ മുന്നിൽ ഇനി ജീവിത പോരാട്ടത്തിെൻറ നാളുകളാണ്. കഴിഞ്ഞദിവസം വീട്ടിലെത്തിയ വിദ്യക്ക് ഇനി 10 ദിവസംകൂടി കഴിയുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാകണം. 'ഇനി എെൻറ കണ്ണുകളിൽ കണ്ണുനീർത്തുള്ളി കാണാൻ കഴിയില്ല. കരയില്ല. കുഞ്ഞിനും വീട്ടുകാർക്കുംവേണ്ടി നീതി ലഭിക്കാൻ പോരാടിയേ പറ്റൂ. ഒരു അപേക്ഷമാത്രം മകെൻറ മുന്നിലിട്ട് ഇത്ര ക്രൂര അക്രമം നടത്തിയ വ്യക്തി ഇനി പുറത്തിറങ്ങരുത്. പേടിക്കാതെ ജീവിക്കണം. ഇത് രണ്ടാംജന്മമാണ്. മെഡിക്കൽ കോളജിലെ ഡോക്ടർമാരിലൂടെയാണ് ഞാൻ രണ്ടാംദൈവത്തെ നേരിട്ട് കണ്ടത്' വിദ്യ പറയുന്നു.
കഴിഞ്ഞമാസം 18ാം തീയതി രാത്രി എട്ടിന് ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഭർത്താവ് സന്തോഷ് വാൾ ഉപയോഗിച്ച് പിന്നിൽനിന്ന് വെട്ടിയത്. ഇടതുകൈയുടെ കൈപ്പത്തിക്ക് മുകളിൽ പൂർണമായും അറ്റുപോയി. ഇതിനിടെ കഴുത്തിന് പിന്നിലും രണ്ടുകാലിലും വെട്ടേറ്റിരുന്നു.തടയാനെത്തിയ അച്ഛൻ വിജയനെയും ഇതിനിടെ സന്തോഷ് വെട്ടിപ്പരിക്കേൽപിച്ചിരുന്നു. തോർത്ത് കെട്ടി രക്തം വാർന്നുള്ള യാത്ര നാട്ടുകാരുടെ സഹായത്തോടെ ഉടനെ കലഞ്ഞൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. തോർത്ത് ഉപയോഗിച്ച് കെട്ടിയെങ്കിലും രക്തം വാർന്നൊലിച്ച മൂന്നുമണിക്കൂർ യാത്ര വിദ്യ ഇപ്പോഴും ഓർത്തെടുക്കുന്നു.
സ്വകാര്യ ആശുപത്രി 10 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ വേദന കൊണ്ട് പുളയുന്ന വിദ്യ ശരിക്കും തളർന്നു. പിന്നീട് ആരോഗ്യമന്ത്രിയുടെ ഇടപെടൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സകൾ വേഗത്തിലാക്കി. ഇവിടെ ഡോ. അരുണിെൻറ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അറ്റുപോയ കൈപ്പാദം തുന്നിച്ചേർത്തത്. 2016ലാണ് വിദ്യയും ഏഴംകുളം സന്തോഷ് ഭവനത്തിൽ സന്തോഷുമായി വിവാഹം നടന്നത്. 2018 മാർച്ചിൽ സന്തോഷ് മാരക മുറിവേൽപിച്ചതോടെയാണ് കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ബന്ധം വേർപെടുത്താനുള്ള നിയമനടപടി പത്തനംതിട്ട കുടുംബകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.