ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽനിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂഭൂമിയിൽനിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെയും വനമേഖലകളിലെയും പുഴയോരങ്ങളിലെയും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ പല പ്രദേശങ്ങളിൽനിന്നായി മുറിച്ചുകടത്തിയിട്ടുണ്ട്.
സർക്കാറിൽനിന്ന് ടെൻഡർ എടുത്തിട്ടുണ്ടെന്നും അതു പ്രകാരമാണ് മരംമുറിക്കുന്നതെന്നുമാണ് ഇത്തരം സംഘങ്ങൾ പ്രചരിപ്പിക്കുന്നത്. പട്ടാപ്പകൽ റോഡരികിൽനിന്നടക്കം കൂറ്റൻമരങ്ങൾ മുറിക്കുമ്പോൾ ആർക്കും സംശയവും തോന്നാറില്ല. ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശയോടെയും മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റോഡരികിൽനിന്ന് വ്യാപകമായി അനുമതിയില്ലാതെ ഒട്ടേറെ മരങ്ങൾ മുറിച്ചുകടത്തിയത് കണ്ടെത്തിയിരുന്നു.
വർഷങ്ങളായി ഇത്തരത്തിൽ സർക്കാർ മരങ്ങൾ മുറിച്ച് കോടികൾ ചിലർ സമ്പാദിച്ചതായി അന്വേഷണത്തിൽ വ്യക്തമായതോടെ കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയോടെയും ചിലയിടങ്ങളിൽ മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ സർക്കാർ ഓഫിസ് വളപ്പിൽനിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവം തെളിഞ്ഞതു മാസങ്ങൾക്കു മുമ്പാണ്. അവിടെയും പൊലീസും വിജിലൻസും കേസന്വേഷിക്കുന്നുണ്ട്.
റോഡ് വികസനത്തിന്റെയും സർക്കാർ ഓഫിസ് നവീകരണത്തിന്റെയും മറ്റ് വിവിധ പദ്ധതികളുടെയും മറവിൽ ടെൻഡർ നൽകാതെ മരങ്ങൾ മുറിച്ചു വിൽപന നടത്തി ചില ഉദ്യോഗസ്ഥരും മറ്റും പണം കൊയ്യുന്നുണ്ട്. അതിർത്തി വനമേഖലയിൽനിന്നടക്കം വലിയ മരങ്ങൾ നേരത്തേതന്നെ അപ്രത്യക്ഷമായ സംഭവങ്ങളുണ്ട്.
വന്യമൃഗവേട്ടക്കും മരംകൊള്ളക്കും കാവൽക്കാർതന്നെ കൂട്ടുനിൽക്കുന്ന സ്ഥിതി ചിലയിടങ്ങളിലുണ്ട്. കഴിഞ്ഞയാഴ്ച ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂരിൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ മരങ്ങളാണ് സർക്കാർഭൂമിയിൽനിന്ന് മുറിച്ചുകടത്തിയത്. സംഭവത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി പ്രകാശന്റെ പരാതിയിൽ കമ്പിൽ സ്വദേശികളായ നവാസ്, ബാദുഷ എന്നിവർക്കെതിരെ മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാവന്നൂരിലെ സർക്കാർ ഭൂമിയിൽനിന്ന് കഴിഞ്ഞ 27ന് പകലാണ് വിവിധയിനം മരങ്ങൾ മുറിച്ചുകടത്തിയത്. ആളുകൾ നോക്കിനിൽക്കെയാണ് ഇല്ലാത്ത ടെൻഡർ പറഞ്ഞ് മരങ്ങൾ മുഴുവൻ മുറിച്ച് കടത്തിയതത്രെ. സംശയം തോന്നിയ ചിലരാണ് പഞ്ചായത്തിൽ വിവരമറിയിച്ചത്. തുടർന്നാണ് സെക്രട്ടറി സ്ഥലം പരിശോധിച്ച് കേസ് നൽകിയത്. മയ്യിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ അടുത്തിടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ റോഡരികിൽ നിന്നടക്കം മരങ്ങൾ മുറിച്ചുകടത്തിയ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ, സമഗ്ര അന്വേഷണം തുടങ്ങി.
ജില്ലയിൽ ഉൾഗ്രാമങ്ങളിലടക്കം പുഴയോരങ്ങളിലും മറ്റും വ്യാപക മരംമുറി നടക്കുന്നുണ്ട്. അതിർത്തി വനമേഖലകളിൽനിന്ന് ഈറ്റകളും മരങ്ങളും മുറിച്ചതിന് നേരത്തേ കുടിയാൻമല, ആലക്കോട്, പയ്യാവൂർ പൊലീസ് സ്റ്റേഷനുകളിലും കേസെടുത്തിരുന്നു. എന്നാൽ, തുടരന്വേഷണം നടക്കാത്തതിനാൽ കുറ്റക്കാർ കേസിൽനിന്ന് വേഗത്തിൽ തലയൂരുകയും വീണ്ടും ഇത്തരം പ്രവൃത്തിയിലേർപ്പെടുകയുമാണുണ്ടായത്. സർക്കാർ ഭൂമിയിൽനിന്ന് ടെൻഡറെടുക്കാതെ മരങ്ങൾ മുറിച്ചുകടത്തുന്ന വൻ ലോബി തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെക്കുന്നതാണ് തുടർച്ചയായുള്ള മരം മുറി. സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറിയതിനും മരം കളവ് ചെയ്ത് കൊണ്ടുപോയതിനുമുള്ള വകുപ്പുകൾ ചേർത്താണ് മരംകൊള്ളക്കാർക്കെതിരെ കേസെടുക്കുന്നത്. പലയിടത്തും ആളുകൾ ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവാണ് സർക്കാർ ഭൂമിയിൽനിന്നടക്കമുള്ള മരംകൊള്ള വ്യാപിക്കാൻ കാരണമായത്. കർശന പരിശോധന തുടർന്നാൽ മരംകൊള്ളക്കാരായ വമ്പൻമാരടക്കം കുടുങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.