വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണത്തട്ടിപ്പ് കേസിൽ പ്രതി മധ ജയകുമാർ കടന്നുകളയുന്നതിനുമുമ്പ് ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി. സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതിനായി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് വ്യക്തമായത്. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം തുടങ്ങി.
സ്വർണം പണയംവെക്കാൻ പ്രതിക്ക് സഹായം ചെയ്ത തമിഴ്നാട് സ്വദേശിക്കായും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിന് തിരുപ്പൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം നൽകിയത് കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെവെട്ടിച്ച് പ്രതി കടന്നുകളഞ്ഞിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാവുമെന്നാണ് പൊലീസ് കരുതുന്നത്.
തിരുപ്പൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയിൽ 20 അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി പണം പിൻവലിച്ചത്. കാർത്തിക്കിന്റെ സഹായത്തോടെ പലരുടെ പേരിലായാണ് ബാങ്കിൽ സ്വർണം പണയപ്പെടുത്തിയത്. ഇതിൽ രണ്ട് ബ്രാഞ്ചുകളിലായി പണയപ്പെടുത്തിയ 5.300 കി.ഗ്രാം സ്വർണം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണം കണ്ടെത്താൻ തമിഴ്നാട്ടിലേക്കുപോയ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച തിരിച്ചെത്തി. കണ്ടെടുത്ത സ്വർണം വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.