ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി കെ.കെ. മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം മൂന്നു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഇന്ന് ഉത്തരവിട്ടു.
മഹേശന്‍റെ ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ. അശോകൻ എന്നിവർക്കെതിരെ അന്വേഷണത്തിന് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് നിർദേശം നൽകിയത്. മഹേശന്‍റെ കുടുംബം നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസ് ഇങ്ങനെ:
കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറിയും വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനുമായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കൂട്ടുങ്കല്‍ മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടതാണ് കേസിന് ആസ്പദമായ സംഭവം. മഹേശൻ മരണത്തിന് തൊട്ടുമുമ്പുള്ള നാളുകളിൽ വെള്ളാപ്പള്ളി നടേശനുമായി അകൽച്ചയിലായിരുന്നു.
മൈക്രോ ഫിനാൻസ് ഇടപാടിൽ 29 കോടിയോളം രൂപ യൂനിയന് വെള്ളാപ്പള്ളി നൽകാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നുതവണ വെള്ളാപ്പള്ളിയുമായി മഹേശൻ സംസാരിച്ചെങ്കിലും തിരിച്ചടക്കാൻ തയാറായില്ല. അതിനിടെ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മഹേശനെ ചോദ്യം ചെയ്യുകയുമായിരുന്നു.
മൈക്രോഫിനാൻസ് കേസിൽ മുഖ്യ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്നായിരുന്നു മഹേശന്‍റെ ആരോപണം. മരണക്കുറിപ്പിലെ വെള്ളാപ്പള്ളിക്കും മറ്റും എതിരായ പരാമർശങ്ങളാണ് അന്വേഷണത്തിന് ഉത്തരവിടാൻ കോടതിയെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.