ദുബൈ: കരാമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററിന്റെ പേരിൽ ദമ്പതികളുടെ തൊഴിൽ തട്ടിപ്പ്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ നഴ്സുമാരെയും മറ്റു സംസ്ഥാനങ്ങളിലെ ഡോക്ടർമാരെയും ജീവനക്കാരെയുമാണ് ഇവർ തട്ടിപ്പിനിരയാക്കിയത്. കരാമ മുനിസിപ്പൽ ലാബിനു പിന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്റർ ഉടമകളാണ് തട്ടിപ്പ് നടത്തിയത്.
ശമ്പളം നൽകാതെയും വിസ പുതുക്കാതെയും തട്ടിപ്പ് നടത്തിയതോടെ ഇരകൾ പരാതിയുമായി ലേബർ കോടതിയെ സമീപിച്ചിരിക്കുകയാണ്. കന്യാകുമാരി സ്വദേശിയായ ഭർത്താവും തമിഴ്നാട്ടുകാരിയായ ഭാര്യയുമാണ് മെഡിക്കൽ സെന്റർ നടത്തുന്നത്. ജൂണിലാണ് ഇവിടെ മലയാളി നഴ്സുമാർക്ക് നിയമനം നൽകിയത്. ഓരോരുത്തരിൽനിന്നും 75,000 രൂപ കൈപ്പറ്റിയിരുന്നു. വിസിറ്റ് വിസയാണ് ആദ്യം നൽകിയതെങ്കിലും പിന്നീട് തൊഴിൽ വിസ നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മാസം ശമ്പളം നൽകിയെങ്കിലും പിന്നീട് ലഭിച്ചില്ല. ഒരാൾക്കു മാത്രമാണ് തൊഴിൽ വിസ എടുത്തുനൽകിയത്. മറ്റുള്ളവരുടെ വിസ പുതുക്കാത്തതിനാൽ വൻ തുക പിഴ വന്നിരിക്കുകയാണ്.
ശമ്പളം നൽകാത്തത് ചോദ്യംചെയ്തതോടെ ഇവർക്കെതിരെയും സ്ഥാപന ഉടമ പരാതി നൽകിയിരിക്കുകയാണ്. പത്തോളം ജീവനക്കാരുള്ള മെഡിക്കൽ സെന്ററാണിത്. ഇവിടെയുണ്ടായിരുന്ന ഡോക്ടറും ഉടമകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ലക്ഷം രൂപയുടെ മുകളിൽ ഡോക്ടറിൽനിന്ന് കൈപ്പറ്റിയെന്നാണ് ആരോപണം. ഐ.ടി ജീവനക്കാർക്കും ശമ്പളം നൽകാനുണ്ട്. എല്ലാവരും ചേർന്ന് ഒരുമിച്ച് പരാതി നൽകാനുള്ള നീക്കവുമുണ്ട്. സാമ്പത്തിക പ്രതിസന്ധി പറയുമ്പോഴും വേറെ ബ്രാഞ്ചുകൾ തുറക്കാനുള്ള പദ്ധതിയിലാണ് ഉടമകളെന്നും പറയുന്നു. ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.