ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല രഘുനാഥപുരം കടയിൽ വീട്ടിൽ ഷാക്കിറാണ് (37) അറസ്റ്റിലായത്. കഴിഞ്ഞദിവസം മൂന്നുമുക്കിൽനിന്ന് ഓട്ടോയിൽ കയറിയ കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനെ (29) മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്ന സംഭവത്തിലാണ് അറസ്റ്റ്. ഒമ്പതിന് രാത്രി 10നാണ് സംഭവം. ഓട്ടോഡ്രൈവറായ ഷാക്കിർ മൂന്നുമുക്കിൽവെച്ച് നിതീഷ് ചന്ദ്രനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഓട്ടോയുമായി മടങ്ങിപ്പോവുകയും ചെയ്തു.
ഒരു മണിക്കൂറിനു ശേഷം തിരികെ വന്ന പ്രതി മൂന്നുമുക്കിൽ മദ്യലഹരിയിൽനിന്ന നിതീഷിനെ വീട്ടിൽ കൊണ്ടുവിടാം എന്നുപറഞ്ഞ് ഓട്ടോയിൽ കയറ്റി. കൊല്ലമ്പുഴ ആറാട്ട് കടവിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുവന്നു കഴുത്തിൽ മാല പൊട്ടിച്ചെടുക്കുകയും വണ്ടിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി കടക്കുകയായിരുന്നു. ഷാക്കിർ കടയ്ക്കാവൂർ, കല്ലമ്പലം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ സി.ഐ മുരളികൃഷ്ണൻ, എസ്.ഐമാരായ മനു, അഭിലാഷ്, എ.എസ്.ഐ രാജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ റിയാസ്, ശ്രീനാഥ്, അനിൽ, ഷംനാദ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് മണമ്പൂരിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.