ഹജ്ജ് യാത്രയുടെ പേരിൽ 1.2 കോടിയുടെ തട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് 189 പേർ, പ്രതി അറസ്റ്റിൽ

ഭുവനേശ്വർ: ഹജ്ജ് തീർഥാടനത്തിനെന്ന പേരിൽ പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ച് 189 പേരിൽനിന്നായി 1.2 കോടി രൂപ തട്ടിയ ആളെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു.ഒഡിഷ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മുംബൈയിൽനിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ധാംനഗർ സ്വദേശിയായ മിർ ഖുർഷിദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ ഒഡിഷയിൽ എത്തിച്ചിട്ടുണ്ട്.

2019 മുതൽ 2023 വരെയുള്ള കാലയളവിൽ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് ടൂർ ആൻഡ് ട്രാവൽ ഏജൻസികളുടെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. സൗദി അറേബ്യയിലേക്ക് 45,786 രൂപയുടെയും 50,786 രൂപയുടെയും രണ്ട് ടൂർ പാക്കേജുകളുണ്ടെന്ന് പറഞ്ഞാണ് ഇവർ പരസ്യം നൽകിയത്. നാല് വർഷത്തിനിടെ കമ്പനിയെ സമീപിച്ച 189 പേരിൽനിന്നാണ് പണം സ്വീകരിച്ചത്.

എന്നാൽ സൗദിയിലേക്ക് കൊണ്ടുപോകാനോ പണം തിരികെ നൽകാനോ ട്രാവൽ ഏജൻസി തയാറായില്ല. പരാതിയുമായി ഏജൻസിയെ സമീപിച്ചവർക്ക് പലപ്പോഴായി തീയതി മാറ്റിയതായുള്ള അറിയിപ്പാണ് ലഭിച്ചത്. പിന്നീട് ഓഫീസുകൾ അടച്ചുപൂട്ടുകയും ഫോണിൽ കിട്ടാതാവുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മൊബൈൽ ഫോണുകളും പണം സ്വീകരിച്ചതിന്‍റെ രസീതുകളും ചെക്കുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Man Cheats 189 People of Rs 1.2 Crore By Promising Haj Pilgrimage, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.