ചെന്നൈ: ദലിത് പെൺകുട്ടിയെ വിവാഹം ചെയ്തതിന് മകനെയും തന്‍റെ പ്രായമായ അമ്മയെയും പിതാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ശനിയാഴ്ചയാണ് സംഭവം. സുബാഷ്, കണ്ണമ്മാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 45കാരനായ പ്രതി ദണ്ഡപാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുബാഷിന്‍റെ ഭാര്യ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദലിത് പെൺകുട്ടിയെ മകൻ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും ചെറുമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്‍റെ അമ്മയെയും പ്രതി കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
അനുസൂയ എന്ന ദലിത് പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം സുബാഷ് വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. തിരുപ്പൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പിതാവ് ഭാര്യയോടൊപ്പം വീട്ടിലേക്ക് വരാൻ സുബാഷിനെ അറിയിച്ചു. പിതാവിന്‍റെ ആവശ്യപ്രകാരം സുബാഷ് ഭാര്യയുമായി വെള്ളിയാഴ്‌ച വീട്ടിലെത്തി. തുടർന്ന് ശനിയാഴ്ച പുലർച്ചയോടെ ഉറങ്ങി കിടക്കുകയായിരുന്ന മകനെയും ഭാര്യയെയും പിതാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും പ്രതി ആക്രമിച്ചു. ശേഷം ഇയാൾ വീട് പുറത്ത് നിന്ന് പൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രക്തത്തിൽ കുളിച്ചുകിടന്ന മൂവരെയും പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുബാഷും കണ്ണമ്മാളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുസൂയ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.