പറവൂർ: വിഷുദിനത്തിൽ ബസുടമയുടെ കുത്തേറ്റ് യുവാവ് അതിഗുരുതരാവസ്ഥയിൽ. ചെറിയ പല്ലംതുരുത്ത് മേലേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ സിബുവിനാണ് (39) കുത്തേറ്റത്. ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസിലെ തൊഴിലാളിയാണ് സിബു. സംഭവത്തിൽ പറവൂർ - വൈറ്റില റൂട്ടിൽ സർവിസ് നടത്തുന്ന കാട്ടകത്ത് ബസിന്റെ ഉടമ ചിറ്റാറ്റുകര കാട്ടകത്ത് വീട്ടിൽ അനു എന്ന അനസിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. മുനിസിപ്പൽ കവലക്ക് സമീപമുള്ള സംസം ഹോട്ടലിന് മുന്നിൽ വൈകീട്ട് 3.30നാണ് സംഭവം.
ബസിന്റെ സമയക്രമം സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തേ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ അനധികൃതമായി ബസിന്റെ മുൻ ഭാഗത്ത് ആഡംബര എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചത് സംബന്ധിച്ച് പരാതി നൽകുമെന്ന് സിബു തമാശക്ക് പറഞ്ഞതും അനസിനെ പ്രകോപിപ്പിച്ചു.
ഇതിനിടെ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സംസം ഹോട്ടലിന് സമീപം സിബു നിൽക്കുന്നത് കണ്ട അനസ് ബൈക്ക് നിർത്തി സിബുവുമായി വാക്തർക്കത്തിലേർപ്പെട്ടു. അനസിനൊപ്പം കൂടെയുണ്ടായിരുന്നയാൾ തടയാൻ ശ്രമിച്ചെങ്കിലും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സിബുവിന്റെ വയറ്റിൽ കുത്തുകയായിരുന്നത്രെ. അനസിനൊപ്പം ബൈക്കിൽ സഞ്ചരിച്ചയാളാണ് സിബുവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പാൻക്രിയാസിന് പരിക്കേറ്റ സിബു ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല. കോടതിയിൽ ഹാജരാക്കിയ അനസിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.