പാലാ: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് മറ്റൊരു യുവതിയുടെ വിവാഹം കഴിക്കുകയും ഇവരുടെ സ്വത്ത് തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. പാലാ പോണാട് കരിങ്ങാട്ട് രാജേഷിനെയാണ്(49) പാലാ സി.ഐ കെ.പി. ടോംസൺ അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധിപേരെ വഞ്ചിച്ച കേസുകളിലെ പ്രതികൂടിയാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു. പാലാ പൈക സ്വദേശിനിയായ യുവതിയേയാണ് ഇയാൾ വഞ്ചിച്ചത്. മാതാപിതാക്കൾ മരിച്ചുപോയതാണെന്നും വിവാഹമോചിതനാണെന്നും ധരിപ്പിച്ച് യുവതിയുമായി അടുപ്പത്തിലായ രാജേഷ്, ഇവരുടെ മാതാപിതാക്കളുടെ അനുവാദത്തോടെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. തുടർന്ന് പാലാ കുറ്റില്ലത്തെ വാടകവീട്ടിൽ താമസം ആരംഭിച്ചു. ഇതിനുപിന്നാലെ യുവതിയുടെ അമ്മയെ കബളിപ്പിച്ച് 20 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. തട്ടിപ്പിന് ശേഷം മുങ്ങിയ രാജേഷ് ആദ്യ ഭാര്യയോടും മകളോടുമൊപ്പം പാലായിൽ മറ്റൊരു വാടകവീട്ടിൽ താമസം ആരംഭിച്ചു. ഇതറിഞ്ഞ യുവതി കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
ഒളിവിൽപോയ പ്രതിയെ കൂവപ്പള്ളിയിലുള്ള ഒളിസങ്കേതത്തിൽനിന്നാണ് എസ്.ഐ എം.ഡി. അഭിലാഷ്, എ.എസ്.ഐമാരായ എ.ടി. ഷാജി, ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സി. രഞ്ജിത്ത്എന്നിവർ ചേർന്ന് പിടികൂടിയത്.
കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 45 ലക്ഷം രൂപ തട്ടിയെടുത്തതിന് പാലാ, കുറവിലങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ഇയാൾ പ്രതിയാണ്.
കണ്ണൂർ സ്വദേശിയായ രാജേഷ് 2007ൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ തട്ടിപ്പ് നടത്തി ഭാര്യയുമായി അവിടെനിന്നും മുങ്ങി എറണാകുളത്തേക്ക് താമസം ആരംഭിച്ചു. അവിടെയും കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് 2012ൽ പാലാക്ക് സമീപം കരൂരിൽ താമസം ആരംഭിക്കുകയായിരുന്നു. കരൂരിൽ ചിട്ടിക്കമ്പനിയും നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയപ്പോഴായിരുന്നു പൈക സ്വദേശിനിയായ യുവതിയെ ഇയാൾ പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.