ചിറ്റൂർ: സ്ത്രീകളെ കാണിച്ച് വിവാഹതട്ടിപ്പ് നടത്തിയ അഞ്ച് പേർ പിടിയിൽ. തൃശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടം വീട്ടിൽ എൻ. സുനിൽ (40), കേരളശ്ശേരി മണ്ണാൻ പറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി. കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംക്കാട് കാരക്കൽ വീട്ടിൽ സജിത (32), കാവിൽപ്പാട് ദേവീ നിവാസിൽ ദേവി (60), കാവശേരി ചുണ്ടക്കാട് സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 12 നായിരുന്നു സംഭവം. തമിഴ്നാട്ടിലെ വിവാഹ ബ്യൂറോ വഴി വിവാഹ ആലോചന നടത്തിയ സേലം പോത്തനായകം പാളയത്തെ മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് സജിതയെ കാണിച്ച് അമ്മക്ക് അസുഖമായതിനാൽ ഇന്ന് തന്നെ വിവാഹം നടത്താമെന്ന് പറഞ്ഞു. ഗോപാലപുരത്തെ ക്ഷേത്രത്തിൽ വിവാഹം നടത്തി. ബ്രോക്കർ കമീഷനായി ഒന്നര ലക്ഷം കൈപ്പറ്റുകയും ചെയ്തു. അന്ന് തന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനും പോയി.
സജിതയുടെ അമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് അടുത്ത ദിവസം ഇരുവരും തിരികെ വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാനാകാതെ വന്നപ്പോൾ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അനേഷണത്തിൽ തട്ടിപ്പ് മനസ്സിലായി. കൊഴിഞ്ഞാമ്പാറ പൊലീസ് സൈബർ സെൽ സഹായത്തോടെ പിടികൂടി. സമാന രീതിയിൽ അമ്പതോളം പേരെ കബളിപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. ചിറ്റൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എം. ശശിധരന്റെ നേതൃത്വത്തിൽ എസ്.ഐ വി. ജയപ്രസാദ്, എ.എസ്.ഐ സി.എം. കൃഷ്ണദാസ്, സീനിയർ സിവിൽ ഓഫിസർമാരായ ആർ. വിനോദ് കുമാർ, എ. മണികണ്ഠൻ, സിവിൽ ഓഫിസർ എസ്. പ്രമോദ് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.