പി.പി. മത്തായി

മത്തായിയുടെ കസ്റ്റഡി മരണം: ഏഴ്​ വനം വകുപ്പ്​ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം; മരണം മർദനം മൂലമാണെന്ന്​ പറയുന്നില്ല

തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പി.പി. മത്തായി മരിച്ച കേസിൽ വനംവകുപ്പ്​ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാജേഷ് കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ. പ്രദീപ് കുമാർ, വി.ടി. അനിൽകുമാർ, സന്തോഷ്. എൻ, വി.എം. ലക്ഷ്‌മി, ഇ.ബി. പ്രദീപ് കുമാർ, ജോസ്​ ഫിൽസൻ ഡിക്രൂസ്​ എന്നിവരാണ് പ്രതികൾ. വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ അന്യായമായാണ്​ കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി തടവിൽവെക്കുക, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 342, 330, 348, 167, 201 വകുപ്പുകൾ പ്രകാരമാണ് കേസ്. സി.ബി.ഐ ഡിവൈ.എസ്​.പി ആർ.എസ്. ഷെഖാവത്താണ്​ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സി.ജെ.എം കോടതി അംഗീകരിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹരജിയിലാണ് അന്വേഷണം സി.ബി.ഐക്ക്​ വിടാൻ ഹൈകോടതി ഉത്തരവ് നൽകിയിരുന്നത്.

മത്തായിയുടെ മൃതദേഹം വീണ്ടും സി.ബി.ഐ പോസ്റ്റ്​മോർട്ടം നടത്തിയിരുന്നു. പരിശോധനയിൽ 12 മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് വെള്ളത്തിലേയ്ക്ക് മത്തായി ചാടുമ്പോൾ ഉണ്ടായതാകാമെന്നാണ്​ അനുമാനം. ആത്മഹത്യക്കോ കൊലപാതകത്തിനോ ഉള്ള സാധ്യതയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. മരണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം മൂലമാണെന്ന്​ സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നുമില്ല.

വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ നശിപ്പിച്ച സംഭവത്തിൽ 2020 ജൂലൈ 28 നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം തന്നെ മത്തായിയുടെ മൃതദേഹം വീടിന്​ സമീപത്തെ കിണറ്റിൽ കണ്ടെത്തി. ജൂലൈ 31 ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌ത്​ ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃത​ദേഹം സംസ്‌കരിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണവിധേയമായി ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസറെയും സസ്പെൻഡ്​ ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. മത്തായി മരിച്ചശേഷം മൃതദേഹം സംസ്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് ഹൈകോടതി നിർദേശാനുസരണം കേസ് സി.ബി.ഐക്ക് വിട്ടത്.

Tags:    
News Summary - Mathai murder in custody: CBI chargesheet against seven forest officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.