കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുത്തിവെപ്പെടുത്തയുടൻ യുവതി മരിക്കാനിടയായത് മരുന്നിന്റെ പാർശ്വഫലം കാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. മരുന്ന് മാറി കുത്തിവെച്ചു എന്ന ആരോപണത്തെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന അസി. കമീഷണർ കെ. സുദർശന് ലഭിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മരുന്ന് കുത്തിവെച്ചതിനെ തുടർന്ന് കൂടരഞ്ഞി സ്വദേശി സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. നഴ്സ് മരുന്നു മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് ഭർത്താവും ബന്ധുക്കളും ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരുന്ന് മാറിയിട്ടില്ലെന്ന് വ്യക്തമായത്. നഴ്സ് ഫോണിൽ സംസാരിച്ചുകൊണ്ടാണ് കുത്തിവെച്ചതെന്നും രോഗി അസ്വസ്ഥത പ്രകടിപ്പിച്ചത് പറഞ്ഞപ്പോൾ അവഗണിച്ചെന്നും ഭർത്താവ് പരാതി ഉന്നയിച്ചിരുന്നു.
പാർശ്വഫലമുള്ള മരുന്ന് കുത്തിവെക്കുന്നതിന് മുമ്പ് ടെസ്റ്റ് ഡോസ് നൽകിയപ്പോൾ ഫലം നെഗറ്റിവ് ആയിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടാം ഡോസ് നൽകിയപ്പോഴാണ് മരണം സംഭവിച്ചത്. ബുധനാഴ്ചയാണ് യുവതിയെ പനിസംബന്ധമായ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് വിവിധ പരിശോധനകൾ നടത്തി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ക്രിസ്റ്റലൈൻ പെനിസിലിൻ എന്ന ആന്റിബയോട്ടിക്കാണ് രോഗിക്ക് നൽകിയത്. പാർശ്വഫലമില്ലെന്ന് ഉറപ്പു വരുത്തിയാണ് കുത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു. എന്നാലും ഇത്തരം പാർശ്വഫലങ്ങൾ സംഭവിക്കാമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.