ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ ഭിന്നശേഷിക്കാരിയായ 16കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മേൽപ്പാലത്തിന് സമീപം ഉപേക്ഷിച്ചനിലയിൽ. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ശനിയാഴ്ച രാത്രി കാറിലെത്തിയ ഒരു സംഘം ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബോധാവസ്ഥയിലായിരുന്നു പെൺകുട്ടി. രാത്രി എട്ടരയോടെ വഴിയാത്രക്കാരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചു.
അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ഉടൻതന്നെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പെൺകുട്ടിക്ക് സംസാരശേഷിയില്ല. വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കൾ പരാതി നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആൽവാർ പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം അറിയിച്ചു. 16കാരിയെ ബലാത്സംഗം ചെയ്തശേഷം റെയിൽവേ ക്രോസിന് സമീപത്തെ മേൽപാലത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസ് നായും ഫോറൻസിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.