ഹൈദരാബാദ്: ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ഒഴുക്കിൽപെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. നാഗാർജുന സാഗർ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തിൽ എൻ. ശൈലജ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് വർഷങ്ങൾക്ക് മുമ്പ് യുവതിയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്. മൂത്ത മകൻ പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയ മകൻ നാലാം ക്ലാസ് വിദ്യാർഥിയും. രണ്ടാമത്തെ മകൻ ഗോപി ചന്ദിന് ജന്മനാ കാഴ്ച്ചശക്തിയില്ല. കോവിഡ് കാലഘട്ടത്തിൽ മാനസിക പിരിമുറക്കങ്ങൾ അനുഭവിച്ചിരുന്നതായും വേമുലപള്ളി സബ് ഇൻസ്പെക്ടർ ഡി. രാജു പറഞ്ഞു.
ഗോപി രാത്രിയിൽ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച എൻ.എസ്.പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന കർഷകൻ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താൻ പറയുകയും ചെയ്തെങ്കിലും ഒഴുക്കിൽപെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.