കൊല്ലം: മുൻവിരോധം നിമിത്തം യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതികളെ നാട്ടിൽ തിരികെയെത്തവേ വിമാനത്താവളത്തിൽനിന്ന് പിടികൂടി. കൊട്ടിയം എൻ.എസ്.എസ് കോളജിന് സമീപം തെങ്ങുവിളവീട്ടിൽ ഷാഹുൽ ഹമീദ്(23), തൃക്കോവിൽവട്ടം കുന്നുവിളവീട്ടിൽ വിനോദ്(39) എന്നിവരാണ് കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്.
മുഖത്തല സ്വദേശിയായ അനന്തുവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇവരെ പൊലീസ് പിടികൂടിയത്. മുൻവിരോധം നിമിത്തം കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ രാത്രി 10.45 ഓടെ പ്രതികൾ ഉൾപ്പെട്ട സംഘം അനന്തുവിനെ മാരകമായി മർദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
മർദനത്തിൽ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട മുഖ്യ പ്രതിയായ വടക്കേമുക്ക് ഷർമിമൻസിലിൽ ഷഹാറിനെ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് സംഘം പിടികൂടിയിരുന്നു. എന്നാൽ, സംഭവശേഷം വിദേശത്തേക്ക് കടന്ന കൂട്ടുപ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രതികളെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുെവച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ബി.എൻ. ജിബി, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണുരാജ്, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് വിമാനത്താവളത്തിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.