മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ. മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പൊലീസ് കമീഷണർ ശശികുമാർ അറിയിച്ചു.
കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താംഗഡിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
സംഭവത്തെ തുടർന്ന് അന്വേഷണത്തിന് എട്ടംഗങ്ങളുടെ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട പകയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഇതോടെ സൂറത്ത്കൽ, സമീപ പ്രദേശങ്ങളായ പാണമ്പുരു, കവുരു, ബജ്പെ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ സമാന രീതിയിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.