പെരിന്തൽമണ്ണ: നാടിനെ നടുക്കിയ കൊലക്കേസിൽ പ്രത്യക്ഷ തെളിവുകളില്ലാതിരുന്നിട്ടും പൊലീസിനെ നയിച്ചത് സാഹചര്യത്തെളിവുകൾ. കൊലപാതകം നടന്ന ദിവസം ആയിശയുടെ വീട്ടിൽ അതിഥിക്ക് ചായയും പലഹാരവും നൽകിയതിെൻറ ലക്ഷണങ്ങൾ കണ്ടതോടെ പരിചയമുള്ളവരോ ബന്ധുക്കളോ ആണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലെത്തുകയായിരുന്നുവെന്ന് അന്വേഷണസംഘത്തെ നയിച്ച ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു.
പൊലീസിെൻറ ചോദ്യം ചെയ്യലിൽ ആദ്യ മണിക്കൂറുകളിൽ ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞപ്പോൾ കൃത്യമായ തെളിവുകൾ നിരത്തിയതോടെ പിടിച്ചുനിൽക്കാനായില്ല. പഠിപ്പിക്കുന്ന വിദ്യാർഥികളോടും സുഹൃത്തുക്കളോടും അസുഖത്തിെൻറ പേരിൽ പണവും സ്വർണവും കടം ചോദിച്ചു വാങ്ങിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി തെളിവെടുപ്പ് നടത്തും. ആയിശയിൽനിന്ന് കവർന്ന എട്ടേകാൽ പവൻ സ്വർണാഭരണങ്ങൾ വിൽപന നടത്തിയത് ഉടൻ കണ്ടെടുക്കും. പണത്തിന് ആവശ്യമുണ്ടെന്ന കാരണത്താൽ ഭാര്യയുടെ മുത്തശ്ശിയെ കൊലചെയ്തത് നാടിനെ ഞെട്ടിക്കുന്നതാണെന്നും പരമാവധി നേരേത്ത കുറ്റപത്രം നൽകി വിചാരണ ആരംഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
ലക്ഷ്യം കണ്ടത് മൂന്നാം തവണ
പെരിന്തൽമണ്ണ: ഭാര്യയുടെ വല്യുമ്മ കൂടിയായ വയോധികയെ കൊലപ്പെടുത്തി ദേഹത്തണിഞ്ഞിരുന്ന എട്ടേകാൽ പവൻ സ്വർണം കവരാൻ അധ്യാപകൻ കൂടിയായ പ്രതി നിഷാദലി നേരേത്ത ആസൂത്രണം ചെയ്തതായി പൊലീസ്. ഒരുമാസം മുമ്പ് പദ്ധതിയിട്ട് രണ്ടുതവണ വൈകുന്നേര സമയത്ത് വീടിനടുത്ത് വന്നുപോയെങ്കിലും സമീപത്തെ കടകളിലും മറ്റും ആളുകൾ ഇരിക്കുന്നതിനാൽ സമയം മാറ്റി അതിരാവിലെ എത്തുകയായിരുന്നു. ആയിശ ധരിച്ചിരുന്ന ആഭരണങ്ങൾ നിഷാദലി മുമ്പേ ശ്രദ്ധിച്ചിരുന്നു. പലവട്ടം ഇവരുടെ വീട്ടിൽ പോയെങ്കിലും നിഷാദലിക്ക് കൃത്യം നടത്താനായിരുന്നില്ല.
ജൂലൈ 16ന് അതിരാവിലെ ആയിശയുടെ വീട്ടിലെത്തി അകത്ത് കയറി വിശേഷങ്ങൾ ചോദിച്ച് കുറച്ചു നേരമിരുന്നു. അതിനിടയിൽ ആയിശ ചായയുണ്ടാക്കിക്കൊടുത്തു. ബാത്ത്റൂമിൽ പോവണമെന്ന് പറഞ്ഞ് അകത്തെ ബാത്ത് റൂമിൽ പോയി കൈയിൽ ഗ്ലൗസ് ധരിച്ചുവന്ന് ശ്വാസം മുട്ടിച്ചും മർദിച്ചും കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി രക്ഷപ്പെട്ടു. വീട്ടിലെത്തിയപ്പോൾ രാത്രി ഭാര്യ മരണവിവരമറിയിച്ചെന്നും ഒരു ഭാവവ്യത്യാസവുമില്ലാതെ ആശുപത്രിയിലേക്കും മരണ വീട്ടിലേക്കും വന്നെന്നും പൊലീസ് വിശദീകരിച്ചു. ചടങ്ങുകളിൽ പങ്കെടുത്ത് ആർക്കും സംശയമില്ലാതെ പെരുമാറി. മരണത്തിെൻറ ഏഴാം ദിവസത്തെ ചടങ്ങിലും പ്രതി പങ്കെടുത്തു.
പ്രതിയുമായി പൊലീസ് തെളിവെടുത്തു
മങ്കട: രാമപുരത്ത് കൊല്ലപ്പെട്ട വയോധികയുടെ വീട്ടിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പ്രതിയുമായി പൊലീസ് സംഘം സ്ഥലത്തെത്തുമ്പോൾ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. 12 മണിയോടെ തന്നെ രാമപുരം ബ്ലോക്ക് പടി പരിസരം പ്രദേശവാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. തടിച്ചുകൂടിയ ജനത്തിനിടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് പ്രതി നിഷാദലിയുമായി പൊലീസ് ഒരു മണിക്കൂർ നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കിയത്. പിറകുവശത്തുകൂടിയാണ് സംഭവ ദിവസം വീടിന് അകത്ത് കയറിയതെന്നും ശുചിമുറിയിൽ കൃത്യം നടത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.
ജൂലൈ 16ന് രാവിലെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പറയുന്നത്. മരണത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ശനിയാഴ്ച പോസ്റ്റ്േമാർട്ടം നടത്തിയതിൽ നിന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കൊല്ലപ്പെട്ട ആയിശ സമീപ പ്രദേശത്തുള്ള മകൻ പരേതനായ അബ്ദുസ്സലാമിെൻറ വീട്ടിലാണ് രാത്രി കിടക്കാൻ പോയിരുന്നത്. ഗൾഫിലായിരുന്ന അബ്ദുസ്സലാം ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാത്രി വല്യുമ്മയെ കാണാതെ അന്വേഷിച്ച് വന്ന കുട്ടികളാണ് സംഭവം ആദ്യം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.