കൊല്ലപ്പെട്ട ദീപയും റിമാൻഡിലായ ഭർത്താവ് റിജിൻ രാജനും

അയര്‍ലന്‍ഡിൽ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കൊലപാതകം: ഭര്‍ത്താവ് റിമാന്‍ഡിൽ

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കോര്‍ക്കിൽ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ്‌ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ (41) ​കോർക്ക് ജില്ല കോടതി ജൂലൈ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീട്ടില്‍ ദീപ ദിനമണി (38) എന്ന യുവതിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി തന്നെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിജിന്‍ രാജനെ വ്യാഴാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

പൊലീസ് നടപടികള്‍ക്ക് ശേഷം ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോര്‍ക്കിലെ മലയാളി സംഘടനകള്‍ അറിയിച്ചു. ദീപ ദിനമണി പാലക്കാട് സ്വദേശിയും റിജിന്‍ തൃശൂര്‍ സ്വദേശിയുമാണെന്നാണ് സൂചന. 14 വര്‍ഷമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ദീപ, ഈ വര്‍ഷം ഏപ്രിലിലാണ് അയര്‍ലന്‍ഡിലെ ആള്‍ട്ടര്‍ ഡോമസില്‍ ഫണ്ട് സര്‍വിസ് മാനേജരായി ജോലിയില്‍ പ്രവേശിച്ചത്. ദമ്പതികളും അഞ്ചുവയസ്സുകാരനായ മകനും കാർഡിനൽ കോർട്ടിലെ വാടക വീട്ടിലായിരുന്നു താമസം. നേരത്തെ ഇന്‍ഫോസിസ്, സീറോക്സ്, അപെക്സ് ഫണ്ട് സര്‍വിസസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - Murder of Malayali Chartered Accountant in Ireland: Husband on remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.