ദുബൈ: ഭക്ഷ്യ പാക്കറ്റിൽ കടത്താൻ ശ്രമിച്ച 54 കിലോ കഞ്ചാവ് പിടികൂടി ദുബൈ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ്. വാക്വം സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇതിന്‍റെ മണം പുറത്തറിയാതിരിക്കാൻ പ്രത്യേക രീതിയിലായിരുന്നു പാക്കിങ്. കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ സൂക്ഷ്മ നിരീക്ഷണത്തിന്‍റെയും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് കഞ്ചാവ് കണ്ടെത്താനായത്. ഏഷ്യൻ വംശജരാണ് കഞ്ചാവ് കടത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
വാക്വം സീൽ ചെയ്ത പാക്കറ്റുകളിൽ കൂടുതൽ അളവിൽ കഞ്ചാവ് കടത്താനാകുമെന്നതിനാലാണ് ഈ രീതി ഉപയോഗിക്കുന്നത്. വാക്വം ചെയ്ത പാക്കറ്റുകൾ കാർഡ് ബോർഡ്, ഭക്ഷ്യ വസ്തുക്കൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോക്സ് എന്നിവയിൽ പാക്ക് ചെയ്താണ് കടത്തിയിരുന്നത്.
ഈ രീതിയിൽ 13 തവണ കഞ്ചാവ് കടത്താനാണ് ശ്രമിച്ചിരുന്നതെന്നും മൊത്തം 54 കിലോ കഞ്ചാവ് പിടികൂടിയതായും ദുബൈ കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കസ്റ്റംസിനെ തെറ്റിദ്ധരിപ്പിക്കാനായി പല രൂപത്തിലാണ് മയക്കുമരുന്ന് കടത്തുന്നതെന്നും മികച്ച പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമങ്ങളാണ് ഇതിനെ തടയുന്നതെന്നും ദുബൈ കസ്റ്റംസിലെ പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഇബ്രാഹിം അൽ കമാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.