മംഗളൂരു: അഞ്ചു വർഷം മുമ്പ് മംഗളൂരു നഗരത്തെ നടുക്കിയ അത്താവറിലെ ശ്രീമതി ഷെട്ടി (42) വധക്കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി എച്ച്.എസ്. മഞ്ചുനാഥ സ്വാമി. 2019 മേയ് 11ന് നടന്ന സംഭവത്തിലെ പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
ജോനസ് സാംസൺ എന്ന ജോനസ് ജൊയ് ലിൻ സാംസൺ (40), വിക്ടോറിയ മത്തായിസ് (47), മറക്കഡ രാജു (34) എന്നിവരാണ് പ്രതികൾ. അത്താവറിൽ ഇലക്ട്രോണിക്സ് കടയും ഒപ്പം ചിട്ടിയും നടത്തുകയായിരുന്നു കൊല്ലപ്പെട്ട ശ്രീമതി. ചിട്ടിയിൽ അംഗമായിരുന്ന ജോനസിന്റെ തവണ അടവ് മുടങ്ങിയതിനെത്തുടർന്ന് അത് ആവശ്യപ്പെട്ട് സംഭവദിവസം രാവിലെ 9.15ന് ജോനസിന്റെ താമസസ്ഥലത്ത് ചെന്നതായിരുന്നു ശ്രീമതി. ഇയാൾ മരക്കഷ്ണംകൊണ്ട് യുവതിയുടെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതയായതോടെ ഒപ്പം താമസിക്കുന്ന വിക്ടോറിയയുമായി ചേർന്ന് ശരീരം കൊത്തിനുറുക്കി. പോളിത്തീൻ കവറുകളിലാക്കി ജോനസ് സ്കൂട്ടറിൽ സഞ്ചരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു.
കദ്രി പാർക്ക് പരിസരത്ത് നിന്ന് ലഭിച്ച തല ഭാഗമാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പല ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയ 29 മൃതദേഹ ഭാഗങ്ങൾ ചേർത്തുവെച്ച് ഫോറൻസിക് പരിശോധന നടന്നിരുന്നു. ശ്രീമതിയുടെ ദേഹത്ത് നിന്ന് കവർന്ന ആഭരണങ്ങൾ സൂക്ഷിക്കുകയും പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തു എന്നതിനാണ് രാജുവിനെ കേസിൽ പ്രതി ചേർത്തത്. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.