ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നെന്ന്​ ആരോപണം; മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വ ഗുണ്ടകൾ തല്ലിച്ചതച്ചു -വിഡിയോ

മുംബൈ: ബാന്ദ്ര ടെർമിനസ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പ്രായപൂർത്തിയാകാത്ത മുസ്‌ലിം ആൺകുട്ടിയെ ഹിന്ദുത്വ ഗുണ്ടകൾ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന ആൺകുട്ടിയെ ലവ് ജിഹാദ് ആരോപിച്ചാണ് മർദിച്ചത്. സ്‌റ്റേഷനിൽ നിന്ന് ഒരു സംഘം ആൺകുട്ടിയുടെ തലമുടി പിടിച്ച് ജയ് ശ്രീരാം മുഴക്കി പുറത്തേക്ക് കൊണ്ടുവരുന്നതും തല്ലിച്ചതയ്ക്കുന്നതുമായ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.


സ്വാതന്ത്ര്യ ദിനത്തിലാണ്‌ സംഭവം പലരും ട്വിറ്ററിൽ പങ്കുവെച്ചത്. മാധ്യമപ്രവർത്തകരായ മീർ ഫൈസൽ, അഷ്‌റഫ് ഹുസൈൻ എന്നിവരും വീഡിയോ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയും വീഡിയോ പങ്കുവെച്ചു. 'ബാന്ദ്ര സ്‌റ്റേഷനിൽ ഒരു യുവാവിനെ ആൾക്കൂട്ടം മർദിക്കുകയും അത് സന്തോഷത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കുട്ടിയെ ആൾക്കൂട്ടം മർദിക്കുമ്പോൾ സ്ഥലത്ത് ഒരു പൊലീസ് ഓഫിസർ ഉള്ളതായി വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും അക്രമികളെ തടയാൻ അയാളുടെ ഭാഗത്തുനിന്ന് ശ്രമങ്ങ​ളൊന്നുമുണ്ടായില്ല. എന്നാൽ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ആൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അംബർനാഥ് പൊലീസ് അറിയിച്ചു.

മുസ്‌ലിമായ ആൺകുട്ടി ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിക്കുകയായിരുന്നു (അവൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നു) ‘ജയ് ശ്രീരാം’ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം ഒട്ടും കരുണയില്ലാതെയാണ് യുവാവിനെ മർദിച്ചത്. പൊലീസിന്റെ ലക്ഷണങ്ങളൊന്നുമില്ല. പൊലീസിൽ പരാതിയും ഇതുവരെയില്ല. ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടില്ല. അന്വേഷണവുമില്ല. ഇത് ഏതെങ്കിലും കുഗ്രാമത്തിലല്ല സംഭവിച്ചത്. മുംബൈയുടെ ഹൃദയമായ ബാന്ദ്രയിലാണ്. ഇതാണ് ഇന്ത്യ. ഇത് ചെയ്യാനുള്ള പരിരക്ഷ ഇവർക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തെ ലഘൂകരിക്കുകയാണോ? വെറുപ്പ് ഉപേക്ഷിക്കൂ... ദേശത്തെ ഒന്നിപ്പിക്കൂ... (സംഭവം ജൂലൈയിലെ മൂന്നാമത്തെ ആഴ്ചയിൽ നടന്നതായാണ് റിപ്പോർട്ട്)' രാജ്ദീപ് ട്വിറ്ററിൽ കുറിച്ചു.

സ്വാതന്ത്ര്യം നേടിയതിന്റെ 77ാം വാർഷികമായിരുന്നു ഈ ദിവസമെന്നും നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികൾ മുസ്‌ലിംകൾക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിട്ട് പോലുമുണ്ടാകില്ലെന്നും എ.ഐ.എം.ഐ.എം ദേശീയ വക്താവ് വാരിസ് പത്താൻ പറഞ്ഞു. സംഭവത്തിൽ മുംബൈ പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജൂലൈ 21നാണ് സംഭവം നടന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. പരാതിയൊന്നും ലഭിക്കാത്തതിനാൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല. വിഡിയോ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അംബർനാഥ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്​പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.

‘ജൂലൈ 21നാണ് സംഭവം. ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം അറിയുന്നവരാണ്. നിർമൽ നഗർ പൊലീസാണ് ഇക്കാര്യം ഞങ്ങളെ അറിയിക്കുന്നത്. ഐ.പി.സി സെക്ഷൻ 363പ്രകാരം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് ആൺകുട്ടിക്കെതിരെ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആൺകുട്ടിയും ​പെൺകു​ട്ടിയും പ്രായപൂർത്തി ആകാത്തവരാണ്. ആൺകുട്ടിക്കെതിരെ കുറ്റപത്രം തയാറാക്കി ജു​വനൈൽ കോടതിയിൽ ഹാജരാക്കും. ആൺകുട്ടി 12 വയസ്സ് പൂർത്തിയാകാത്ത ആളാണെങ്കിൽ കേസെടുക്കാനാവില്ല. ഈ കേസിൽ കുട്ടിക്ക് 16 വയസ്സ് ആയതിനാലാണ് കേസെടുത്തത്’ -ജഗന്നാഥ് കലാസ്കർ വിശദീകരിച്ചു.

സംഭവം ലവ് ജിഹാദാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ലവ് ജിഹാദ് എന്താണെന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് അതേക്കുറിച്ച് സംസാരിക്കാനാവില്ലെന്നു’മായിരുന്നു പൊലീസ് ഇൻസ്​പെക്ടറുടെ പ്രതികരണം.

Tags:    
News Summary - Muslim Boy Assaulted at Bandra Terminus: Minor's Family Had Already Filed Kidnapping Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.