മട്ടാഞ്ചേരി: തോപ്പുംപടി ഹാർബർ പാലം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയ വിലസുന്നു . വർഷങ്ങൾക്ക് മുമ്പ് ഹാർബർ പാലം ലഹരി മാഫിയ കയ്യടക്കിയപ്പോൾ പൊലിസ് ശക്തമായ നീക്കം നടത്തി മാഫിയകളെ കെട്ടുകെട്ടിച്ചതാണ്.
പാലത്തിന്റെ അടിഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയും പാലത്തിൽ പെട്രോളിങ് ശക്തമാക്കുകയും ചെയ്തതോടെയാണ് മാഫിയകൾ കളം വിട്ടത്. എന്നാൽ ലഹരി മാഫിയ ഇപ്പോൾ ഹാർബർ പാലവും പരിസരവും വീണ്ടും താവളമാക്കി മാറ്റിയിരിക്കുകയാണ്.
പ്രധാന വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്ന തോപ്പുംപടി മേഖല കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രവർത്തനത്തിന് തടയിട്ടില്ലെങ്കിൽ അത് വലിയ വിപത്തായി മാറും. ഹാർബർ പാലത്തിന് അടിവശം മാഫിയകൾ അറകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മയക്കുമരുന്നു ശേഖരം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഈ അറകളിലേക്ക് പോകാൻ പാലത്തിനോട് ചേർന്ന് ചവിട്ടുപടികൾ ഉണ്ട്. പടികൾ ഇറങ്ങി ചെല്ലുന്ന സ്ഥലത്ത് ഇരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ,യുവാക്കൾ,വിദ്യാർഥികൾ എന്നിവരെയാണ് സംഘങ്ങൾ ലക്ഷ്യമിടുന്നത്.
നിരവധി വാഹനങ്ങൾ തലങ്ങും ,വിലങ്ങും പായുന്ന പാലത്തിനടിയിൽ ആർക്കും സംശയം തോന്നില്ലെന്നതാണ് പ്രത്യേകത. കുറഞ്ഞ അളവിൽ വരെ മയക്കുമരുന്നുകൾ ലഭിക്കുമെന്നത് ആവശ്യക്കാരുടെ എണ്ണം വർധിപ്പിക്കുന്നു . കോവിഡ് കാലത്ത് പാലം അടച്ചു പൂട്ടിയതോടെയാണ് സംഘം തിരികെയെത്തി കച്ചവടം ആരംഭിച്ചത്. പൊലീസ് നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.