പിടിയിലായ പ്രതികൾ 

അബദ്ധവെടിയല്ല, സണ്ണിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; ചാരായം വാറ്റ് ഒറ്റിയെന്ന സംശയം കാരണമായി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. മാവടി ഇന്ദിരാനഗർ പ്ലാക്കൽ സണ്ണി (57) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. പ്രതികൾ വന്യമൃഗത്തിന് നേരെ വെടിയുതിർത്തത് വീടിന്‍റെ ചുവർ തുളച്ചുകയറി സണ്ണിക്ക് കൊള്ളുകയായിരുന്നുവെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിലാണ് ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്.

പ്രദേശവാസികളായ മാവടി തകിടിയില്‍ സജി ജോണ്‍ (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), കല്ലിടുക്കില്‍ വിനീഷ് മനോഹരന്‍ (38) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സണ്ണിയുടെ ദേഹത്ത് കൊണ്ടത് നാടൻതോക്കിൽ നിന്നുള്ള വെടിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. സണ്ണിയുടെ വീട്ടുചുമരിൽ അഞ്ച് വെടിയുണ്ടകൾ തുളച്ചുകയറിയ പാടുണ്ടായിരുന്നു. ഇതാണ് മൃഗവേട്ടക്കിടെ വെടിയേറ്റതാണെന്ന സംശയത്തിന് കാരണമായത്.

പ്രതികളിലൊരാളായ മുകുളേല്‍പ്പറമ്പില്‍ ബിനു കഴിഞ്ഞ ഈസ്റ്ററിന് ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായിരുന്നു. 10 ലിറ്റർ ചാരായവുമായാണ് ഇയാളെ പിടിച്ചത്. വാറ്റ് വിവരം എക്സൈസിനെ അറിയിച്ചത് സണ്ണിയാണെന്ന സംശയം ബിനുവിനുണ്ടായിരുന്നു. തുടർന്ന് മദ്യപാന സദസ്സിനിടെ സണ്ണിയെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടു. ചൊവ്വാഴ്ച രാത്രി 11ഓടെ മൂവരും ചേർന്ന് തോക്കുമായി സണ്ണിയുടെ വീട്ടിലെത്തി. അടുക്കളഭാഗത്താണ് സണ്ണി കിടക്കുന്നതെന്ന് മനസിലാക്കിയ പ്രതികൾ വാതിലിനരികിൽ നിന്ന് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു മുറിയിൽ മക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ സിനി വെടിയൊച്ച കേട്ട് എത്തിയപ്പോൾ സണ്ണി കിടക്കയിൽ രക്തംവാർന്ന നിലയിലായിരുന്നു. കൊലക്ക് ശേഷം പ്രതികൾ തോക്ക് പടുതാക്കുളത്തിൽ ഒളിപ്പിക്കുകയും ചെയ്തു.

നാട്ടുകാരും പൊലീസും കൊല്ലപ്പെട്ട സണ്ണിയുടെ വീട്ടിലെത്തിയപ്പോൾ പ്രതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അടുത്ത ദിവസവും മരണവീട്ടിലും പരിസരത്തുമായി ഇവർ ഉണ്ടായിരുന്നു. നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ആദ്യം നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് പ്രതികൾ പറഞ്ഞെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. 

Tags:    
News Summary - nedumkanadam sunny murder planned by accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.