കൽപറ്റ: നേപ്പാൾ സ്വദേശിനിയുടെ നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. നേപ്പാൾ സ്വദേശി റോഷൻ സൗദ്, ഇദ്ദേഹത്തിന്റെ പിതാവ് അമർ ബാദുർ സൗദ്, മാതാവ് മഞ്ജു സൗദ് എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. റോഷന്റെ സുഹൃത്ത് നേപ്പാൾ സെമിൻപൂൾ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയിലാണ് യുവതി പ്രസവിച്ചത്.
പ്രസവശേഷം നേപ്പാളിലേക്ക് തിരിച്ചുപോയ ഇവർ സഹോദരിയോടൊപ്പം കഴിഞ്ഞദിവസം കൽപറ്റയിൽ മടങ്ങിയെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ജോലി ചെയ്യുന്ന ടൂറിസ്റ്റ് ഹോമിൽനിന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. മുറിയും പരിസരവും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു.
പ്രതികൾ കുറ്റം സമ്മതിച്ചതായും അടുത്തദിവസം കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് പറഞ്ഞു. കൽപറ്റ പള്ളിത്താഴെയുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ ശുചീകരണ ജോലിക്കാരായിരുന്നു യുവതിയും പ്രതികളും. ആൺസുഹൃത്തായ റോഷനിൽനിന്ന് യുവതി ഗർഭംധരിച്ചു. ഏഴുമാസമായപ്പോൾ അലസിപ്പിക്കാൻ റോഷന്റെ അമ്മ മഞ്ജു മരുന്ന് നൽകി.
പിന്നീട് ഹോട്ടലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. എന്നാൽ, മഞ്ജു കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം തുണിയിൽ പൊതിഞ്ഞ് വൈത്തിരിയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മതം. യുവതിക്ക് റോഷനേക്കാൾ പ്രായം കൂടുതലായതിനാൽ റോഷന്റെ മാാപിതാക്കൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.