അബദ്ധത്തിൽ വെടിയേറ്റതല്ല; സണ്ണിയെ പ്രതികൾ മനഃപൂർവം കൊലപ്പെടുത്തിയതെന്ന് പൊലീസ്

ഇടുക്കി: ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്നയാൾ വെടിയേറ്റു മരിച്ച സംഭവം മനഃപൂർവമായ കൊലപാതകമെന്ന് പൊലീസ് നിഗമനം. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയാണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച് എക്സൈസിന് വിവരം നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നത്. സജിയുടെ നിർദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവെച്ചത്.

ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സണ്ണിക്ക് വെടിയേൽക്കുകയായിരുന്നു. വീടിന്റെ കതകിൽ വെടിയുണ്ടകൾ തറച്ച പാടുകൾ കണ്ടതാണ് പൊലീസിന്റെ സംശയം വർധിപ്പിച്ചത്. മൃഗവേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഏലത്തോട്ടത്തിൽ കൂരൻ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നെന്നും ഇതിന് നേരെ വെടിവെച്ചപ്പോൾ അബദ്ധത്തിൽ സണ്ണിയുടെ മേൽ പതിക്കുകയായിരുന്നെന്നുമാണ് പറഞ്ഞത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബോധപൂർവം വെടിയുതിർക്കുകയായിരുന്നെന്ന സംശയമുയർന്നത്.

Tags:    
News Summary - Not accidentally shot; The police said that the accused killed Sunny intentionally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.