ചാവക്കാട്: മോഷ്ടിച്ച ബൈക്കുമായി യാത്ര ചെയ്യുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് തിരുവത്ര പുത്തൻകടപ്പുറം ചാടീരകത്ത് അലി (പിക്കാസ് അലി - 39) പിടിയിൽ. ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ, എസ്.ഐമാരായ ബിപിൻ ബി. നായർ, കണ്ണൻ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. 2020ൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പിടിയിലായത്.
വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ നിലയിൽ ബൈക്കോടിച്ചു വന്ന അലിയെ തടഞ്ഞു നിർത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് മനസ്സിലായത്. വാഹനത്തിന്റെ എൻജിൻ നമ്പറും ചേസിസ് നമ്പറുമെടുത്ത് പരിശോധിച്ച് യഥാർഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് വടക്കാഞ്ചേരിയിൽ നിന്ന് കാണാതായതെന്ന് മനസ്സിലായത്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാല മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എറണാകുളം വരാപ്പുഴ കൂനമ്മാവിൽനിന്ന് അലി മോഷ്ടിച്ച ബുള്ളറ്റ് പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ഇതും വ്യാജ നമ്പർ പതിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. 2021ൽ എറണാകുളം പറവൂർ അത്താണിക്കു സമീപം നടന്ന് പോവുകയായിരുന്ന സ്ത്രീയുടെയും 2022ൽ എറണാകുളം കോങ്ങാർപ്പള്ളിയിൽ വെച്ച് ഒരു കടക്കുള്ളിൽ നിന്നിരുന്ന സ്ത്രീയുടെയും കഴുത്തിലെ സ്വർണമാല വലിച്ചു പൊട്ടിച്ച കേസുകളിലും കവർച്ചകളിലും പ്രതിയാണ്.
ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ അലിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. എ.എസ്.ഐമാരായ ശ്രീരാജ്, സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രജീഷ്, പ്രവീൺ, മണികണ്ഠൻ, ഹംദ്, സന്ദീപ്, സി.പി.ഒ മാരായ മെൽവിൻ മൈക്കിൾ, അഖിൽ, രതീഷ് സോമൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.