പാലക്കാട്: കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊല്ലങ്കോട്, കാമ്പ്രത്ത്ചള്ള പുളിയന്തോണി നസീറാണ് (35) പിടിയിലായത്. പ്രതികൾക്ക് കൃത്യം നിർവഹിക്കാനുള്ള വാഹനവും വാളുകളും നൽകിയത് ഇയാളാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
കൃത്യത്തിന് ശേഷം വാഹനം തമിഴ്നാട്ടിലെത്തിച്ച് പൊളിക്കാൻ സഹായങ്ങൾ നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത നാല് പേരുടെ രേഖാചിത്രം ഉടൻ പുറത്തുവിടും. 40 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നാല് പേരുടെ രേഖാചിത്രം ഉടൻ പുറത്തുവിടുന്നത്.
ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, രക്ഷപ്പെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഞ്ജിത്തിെൻറ കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ലുക്കൗട്ട് നോട്ടീസ് പുറത്തുവിടാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി എസ്.പി ആർ. വിശ്വനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.