നീലേശ്വരം: പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽനിന്ന് ദേവിക്ക് ചാർത്തിയ വെള്ളിക്കിരീടവും ഭണ്ഡാരവും കവരാൻ ഉപയോഗിച്ച ആയുധങ്ങൾ നീലേശ്വരം പൊലീസ് കണ്ടെത്തി. ക്ഷേത്രത്തിൽ കവർച്ച നടത്തിയ പുലിക്കുരുമ്പ നെടുമയിലെ തുരപ്പൻ സന്തോഷ്, മാഹി പട്ടാണിപറമ്പത്ത് പി.പി. രാകേഷ് എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ക്ഷേത്രത്തിന്റെയും നാലമ്പലത്തിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പിക്കാസും നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ കാട്ടിൽനിന്ന് കണ്ടെടുത്തത്. രണ്ട് പ്രതികളെയും കഴിഞ്ഞ ഫെബ്രുവരിയിൽ പേരാവൂർ വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയതും തങ്ങളാണെന്ന് സന്തോഷും രാകേഷും മൊഴിനൽകിയത്. തുടർന്ന് കഴിഞ്ഞദിവസം നീലേശ്വരം എസ്.ഐ സി.വി. പ്രേമനും സംഘവും ഇരുവരെയും കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് കവർച്ച നടത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയത്.
ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച വെള്ളിക്കിരീടം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇവ ഇരിട്ടിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയെന്നാണ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. പ്രതികളുമായി എസ്.ഐ പ്രേമനും സംഘവും ഇരിട്ടിയിലെത്തിയെങ്കിലും വെള്ളിക്കിരീടം വിൽപന നടത്തിയെന്ന് പറഞ്ഞ ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. രണ്ട് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ തെളിവെടുപ്പ് നടത്തിയശേഷം മോഷ്ടാക്കളെ കോടതിയിൽ തിരികെ ഹാജരാക്കി.
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി നൂറോളം മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്. മറ്റൊരു മോഷണക്കേസിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ട രാകേഷുമായി ചേർന്നാണ് പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.