പോത്തൻകോട് : പള്ളിപ്പുറത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന സംഘത്തിലെ മുഖ്യ പ്രതിയും കൂട്ടാളികളും പൊലീസ് പിടിയിലായി. സംഭവ ശേഷം നാല് മാസമായി ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതിയും നിരവധി വധശ്രമ, കവർച്ചാ കേസുകളിലെ പ്രതിയുമായ ജാസിംഖാനും കൂട്ടാളികളുമാണ് അറസ്റ്റിലായത്. സ്വർണ കവർച്ചക്കായി ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയത് ജാസിംഖാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. മംഗലാപുരം പൊലീസും തിരുവനന്തപുരം റൂറൽ ഷാഡോ ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം മണക്കാട്ട് വിളാകം , ജസീലാ മൻസിലിൽ ജാസിം ഖാൻ (28), വെയിലൂർ വില്ലേജിൽ മംഗലപുരം എം.കെ. നഗറിൽ ബൈദുനൂർ ചാരുമൂട് വീട്ടിൽ അജ്മൽ (25), മേൽ തോന്നയ്ക്കൽ കല്ലൂർ ആർ.എൻ. കോട്ടേജിൽ മുഹമ്മദ് റാസി (23) എന്നിവരാണ് പിടിയിലായത്. കവർച്ച നടത്തിയശേഷം പ്രതികൾ ബാംഗ്ലൂരിലേക്കും അവിടെ നിന്നും ഗോവയിലേക്കും കാർ മാർഗം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയും കാറും നേരത്തേ കണ്ടെത്തിയിരുന്നു.
അന്വേഷണ സംഘം ഇവരെ പിടികൂടാനായി കർണാടകയിലും, ഗോവയിലും എത്തിയെങ്കിലും പ്രതികൾ അവിടെ നിന്നും മുംൈബയിലേക്ക് ഒളിത്താവളം മാറുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവർ മുംബൈയിൽ അന്ധേരിയിലെ വിവിധയിടങ്ങളിൽ അധോലോക ക്വേട്ടഷൻ സംഘങ്ങളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
മുംബൈ അന്ധേരിയിലെ ഒളിത്താവളം അന്വേഷണസംഘം മനസ്സിലാക്കിയതറിഞ്ഞ് പ്രതികൾ തമിഴ്നാട് വഴി കേരളത്തിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. നിരവധി കവർച്ചാ ,വധശ്രമ കേസ്സുകളിലെ പ്രതിയായ ജാസിം ഖാനെതിരെ തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം, മംഗലാപുരം, കല്ലമ്പലം, വർക്കല എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലും അനവധി കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രിയാണ് കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സ്വർണ്ണവ്യാപാരി സമ്പത്തിന്‍റെ വാഹനം തടഞ്ഞ് മുളക് പൊടിയെറിഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് വാഹനത്തിലുണ്ടായിരുന്ന നൂറു പവനിലധികം സ്വർണ്ണം കവർന്നത്.
സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടി പരുക്കേൽപ്പിച്ച് വാഹനത്തിന്‍റെ ഡ്രൈവറെയും സമ്പത്തിന്‍റെ ബന്ധുവിനെയും മർദ്ദിച്ച് വാഹനങ്ങളിൽ കയറ്റികൊണ്ട് പോയി പോത്തൻകോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്ത ശേഷം ഒളിവിൽ പോയി നേരിട്ട് കോടതിയിൽ കീഴടങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
ആദ്യമായാണ് ഇയാൾ നേരിട്ട് പൊലീസിന്‍റെ പിടിയിലാകുന്നത്. കവർച്ച ചെയ്ത് കിട്ടിയ സ്വർണ്ണം സംഘാംഗങ്ങൾക്ക് പകുത്ത് നൽകിയതും പണയം വെച്ചതും മുഖ്യ പ്രതിയായ ജാസിംഖാനാണ്. ഇനി കണ്ടെത്താനുള്ള 60 പവൻ സ്വർണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു.
40 പവൻ സ്വർണ്ണവും 73000 രൂപയും ആറ് കാറുകളും രണ്ട് ബൈക്കുകളും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് ഈ കേസ്സിലെ മുഖ്യ ആസൂത്രകനും ചെന്നൈയിൽ താമസക്കാരനായ സന്തോഷിനെയും രണ്ട് കൂട്ടാളികളെയും പിടികൂടിയിരുന്നു.ഇതുവരെ ഈ കേസിൽ 20 പേർ പിടിയിലായതായി പൊലീസ് പറഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്‍റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ്ബാബുവിന്‍റെയും , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുൽഫിക്കറിന്‍റെയും നേതൃത്വത്തിൽ മംഗലപുരം സി.ഐ എച്ച്.എൽ സജീഷ് , എ.എസ്.ഐമാരായ എസ്. ജയൻ, ഫ്രാങ്ക്ളിൻ ഷാഡോ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം. ഫിറോസ്ഖാൻ, എ.എസ്.ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, അനൂപ് എന്നിവരടങ്ങിയ പ്രത്യക സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.