പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈനെ (31) അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണിന് സമീപം വാടക മുറിയിലാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന മുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരുകയായിരുന്നു.
ഇന്‍റര്‍നാഷനല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് ലോക്കല്‍ കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പിടികൂടിയത്. സിം കാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍ എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പെടെ ഉപകരണങ്ങളും പിടിച്ചെടുത്തു. അന്താരാഷ്ട്ര കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസ് അറിയിച്ചു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ ടി.കെ. ഹരിദാസ്, വനിത എ.എസ്.ഐ ജ്യോതി, സീനിയർ സി.പി.ഒ ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്മണ്യന്‍, സുകുമാരന്‍, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ ആന്റി നാർകോട്ടിക് വിഭാഗവുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.