തളിപ്പറമ്പ്: പരിയാരം ചിതപ്പിലെ പൊയിലിൽ വയോധികയെ കെട്ടിയിട്ട് 10 പവൻ ആഭരണവും 15,000 രൂപയും കവർന്നു. വ്യാഴാഴ്ച അർധരാത്രിയാണ് നാടിനെ നടുക്കിയ മോഷണം നടന്നത്. കാസർകോട് യുനാനി ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ഷക്കീർ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഡോ. ഷക്കീർ അലിയും ഭാര്യ പരിയാരം ആയുർവേദ മെഡിക്കൽ കോളജിലെ അസി.പ്രഫസർ ഡോ.കെ. ഫർസീനയും വ്യാഴാഴ്ച രാത്രി 11 ഓടെ തിരുവനന്തപുരത്തേക്ക് പോയിരുന്നു.
വീട്ടിൽ രണ്ടു കുട്ടികളും ബന്ധുവായ സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം സി.സി ടി.വി കാമറകൾ തുണികൊണ്ട് മറച്ചശേഷം മുൻവശത്തെ ജനൽ ഗ്രില്ല് കട്ടർ ഉപയോഗിച്ച് മുറിച്ച് അകത്തു കടക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ഇളയമ്മ വയോധികയായ ആയിഷയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കസേരയിൽ കെട്ടിയിടുകയും ശബ്ദിക്കാതിരിക്കാൻ വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്ത ശേഷമാണ് ആഭരണങ്ങളും പണവും കവർന്നത്.
മുറിയിലെ ഷെൽഫുകളിൽ നിന്നും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണുള്ളത്. കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീയാണ് വയോധികയെ കെട്ടിയിട്ട നിലയിൽ കാണുന്നതും മോഷണ വിവരം പുറത്തറിയുന്നതും. സി.സി ടി.വിയുടെ ഡി.വി.ആർ മോഷണസംഘം കൊണ്ടുപോയതായി സംശയിക്കുന്നു. ജില്ല പൊലീസ് മേധാവി ഹേമലത, പയ്യന്നുർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ എന്നിവരും പരിയാരം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തളിപ്പറമ്പ്: പരിയാരം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മോഷണങ്ങൾ പെരുകുമ്പോഴും പൊലീസ് നിഷ്ക്രിയത്വം കാണിക്കുകയാണെന്നാരോപിച്ച് നാട്ടുകാർ പയ്യന്നൂർ ഡിവൈ.എസ്.പിയെ തടഞ്ഞു. വ്യാഴാഴ്ച മോഷണം നടന്ന ചിതപ്പിലെ പൊയിലിലെ വീട്ടിൽ എത്തിയപ്പോഴാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനെ തടഞ്ഞ് നാട്ടുകാർ പ്രതിഷേധമറിയിച്ചത്.
ഒരു വർഷത്തിനിടെ പരിയാരം ചിതപ്പിലെ പൊയിലിൽ അരകിലോമീറ്റർ ചുറ്റളവിൽ അഞ്ച് മോഷണങ്ങളാണ് നടന്നത്. പ്രഫഷനൽ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പറഞ്ഞതല്ലാതെ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പരിയാരം പൊലീസിന് സാധിക്കാത്തത് ജനങ്ങളെയാകെ ഭീതിയിലാക്കിരിക്കുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് നിഷ്ക്രിയമായതോടെ പ്രദേശത്തെ യുവാക്കൾ ഗ്രൂപ്പുകളായി തിരിഞ്ഞ് രാത്രികാല നിരീക്ഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ് വയോധികയെ കെട്ടിയിട്ട് മോഷണം നടന്നിരിക്കുന്നത്. ഇതോടെ കൂടുതൽ ഭീതിയിലായ നാട്ടുകാർ അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡിവൈ.എസ്.പിയെ തടഞ്ഞ് പ്രതിഷേധമറിയിക്കുകയായിരുന്നു.
മോഷണത്തിന്റെ ഭാഗമായി കൊലപാതകങ്ങൾ വരെ നടന്നേക്കാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇപ്പോൾ നടന്ന മോഷണത്തോടെ പൊലീസിന് ഒന്നും ചെയ്യാനാകില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. വാഹന പരിശോധനയും കഞ്ചാവ് ബീഡി വലിക്കുന്നവരെ പിടികൂടലും മാത്രമാണ് പരിയാരം പൊലീസ് ചെയ്യുന്നതെന്നും കഴിവുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് മോഷ്ടാക്കളെ പിടികൂടാനും ജനങ്ങളുടെ ഭീതി അകറ്റാനും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജാഗ്രത വെടിയരുത്
മോഷണം പ്രതിരോധിക്കാനായി വീടുപൂട്ടി പോകുമ്പോൾ ജാഗ്രത പാലിക്കണം. കുറച്ചു ദിവസത്തേക്കു വീടുപൂട്ടി പോകുമ്പോൾ സമീപത്തെ പൊലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയൽക്കാരെയും അറിയിക്കാം. ആളുകളുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. അപരിചിതർ ചുറ്റിത്തിരിയുന്നതു കണ്ടാൽ പൊലീസിൽ അറിയിക്കണം. വിൽപനക്കാരായും യാചകരായും മോഷ്ടാക്കളെത്തി വീടും പരിസരവും മനസ്സിലാക്കുന്ന സംഭവങ്ങളും ഏറെയാണ്.
പത്രങ്ങളും മറ്റും മുറ്റത്ത് കൂടിക്കിടക്കുന്നത് വീട്ടിൽ ആരുമില്ലെന്ന സൂചന നൽകുന്നതിനാൽ ഈ സാഹചര്യം ഒഴിവാക്കുക. കമ്പിപ്പാര, ഏണി, മഴു തുടങ്ങിയവ വീടിന് സമീപം വെക്കാതിരിക്കുക. ഇത് മോഷ്ടാക്കളുടെ പണി എളുപ്പമാക്കും. വീട്ടിൽനിന്ന് മാറിനിൽക്കുമ്പോൾ രാത്രി ലൈറ്റിടാനും പകൽ ഓഫ് ചെയ്യാനും ബന്ധുക്കളെയോ അയൽക്കാരെയോ ചുമതലപ്പെടുത്തുക. സി.സി.ടി.വിയും സുരക്ഷ അലാറവും സജ്ജീകരിക്കുന്നത് നന്നാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.