അടൂർ: പതിനേഴുകാരിയെ പ്രണയം നടിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി ഏഴു വർഷത്തിനുശേഷം അറസ്റ്റിൽ. കൊല്ലം കടക്കൽ, പാലക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻവീട്ടിൽ പ്രശാന്താണ് (35) പിടിയിലായത്. എറണാകുളം വാഴക്കുളത്ത് അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അരുൺ എന്ന പേരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
2016ലാണ് കേസിനാസ്പദമായ സംഭവം. അടൂർ സ്വദേശിയായ പെൺകുട്ടി സഹോദരന്റെ ചികിത്സക്കായി അടൂർ താലൂക്ക് ആശുപത്രിയിൽ കഴിയുമ്പോഴാണ് പ്രശാന്തുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഇതിനിടെ പെൺകുട്ടിയെ കൊല്ലത്തെത്തിച്ച് പീഡിപ്പിച്ചു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രശാന്ത് ഒളിവിൽ പോയി. 2016 മുതൽ വിവിധ പൊലീസ് സംഘങ്ങൾ, സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.
ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പതിനായിരത്തോളം ഫോൺ കാളുകളും നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. സംഭവശേഷം പ്രതി പെരുമ്പാവൂരിലെത്തി അന്തർസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ച് ഇവർക്കൊപ്പം പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക, ഇടുക്കി, തൃശൂർ, അങ്കമാലി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസവും ഉപയോഗിച്ചായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്. അടൂർ സി.ഐ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സി.പി.ഒമാരായ സൂരജ് ആർ. കുറുപ്പ്, ജോബിൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.