കൽപറ്റ: പോക്സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സസ്പെൻഷനിലായ അമ്പലവയൽ എ.എസ്.ഐ ടി.ജി. ബാബു ഒളിവിൽ. അമ്പലവയൽ സ്റ്റേഷനിലെ മറ്റു രണ്ടു പൊലീസുകാർക്കെതിരെയും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
ദലിത് പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത എസ്.സി-എസ്.ടി കമീഷൻ, അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വയനാട് ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും അന്വേഷണം നടത്താനാണ് നിർദേശം.
ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസില്‍ ഇരയായ പതിനേഴുകാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ടി.ജി. ബാബു മോശമായി പെരുമാറിയെന്നാണ് ആരോപണം. പെണ്‍കുട്ടി പീഡനത്തിനിരയായ ലോഡ്ജില്‍ വെച്ചായിരുന്നു തെളിവെടുപ്പ്. അമ്പലവയൽ സ്റ്റേഷന് എസ്.ഐ സോബിൻ, വനിത പൊലീസ് കോൺസ്റ്റബിൾ പ്രജുഷ എന്നിവർ പ്രദേശത്തുനിന്ന് മാറിയപ്പോൾ ബാബു മോശമായി പെരുമാറിയെന്നാണ് പെൺകുട്ടി സി.ഡബ്ല്യൂ.സിക്ക് നൽകിയ പരാതി. സംഭവത്തിൽ ബാബുവിനെതിരെ പോക്സോ വകുപ്പുപ്രകാരം അമ്പലവയൽ പൊലീസ് കേസെടുത്തിരുന്നു. സംഭവം അന്വേഷിച്ച വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി രാഹുല്‍ ആര്. നായരാണ് ബാബുവിനെ സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പെൺകുട്ടിയെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിൽ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.