ചെന്നൈ: ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടനും ബി.ജെ.പി എം.പിയുമായ സുരേഷ്ഗോപിയുടെ സഹോദരൻ സുനിൽഗോപി അറസ്റ്റിലായ കേസിനോടനുബന്ധിച്ച് ഇവരുടെ ബന്ധുക്കളായ ദമ്പതികളെയും കോയമ്പത്തൂർ ജില്ല ക്രൈംബ്രാഞ്ച് (ഡി.സി.ബി) പൊലീസ് തേടുന്നു. ശിവദാസൻ, ഭാര്യ റീന എന്നിവരാണ് പ്രതികൾ. ഇവർ നിലവിൽ ഒളിവിലാണ്. സുനിൽഗോപിക്ക് പുറമെ ഈ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്ടുനിന്നാണ് ഡി.സി.ബി ഇൻസ്പെക്ടർ രാജേശ്വരിയും സംഘവും 55കാരനായ സുനിലിനെ കസ്റ്റഡിയിലെടുത്തത്.
തടിമില്ലുടമയായ കോയമ്പത്തൂർ ജി.എൻ മിൽസ് തിരുവള്ളുവർ വീഥി ഗുരുവായൂരപ്പൻ വിലാസം ഗിരിനാഥനാണ് പരാതിക്കാരൻ. 2021 നവംബർ 19 ന് കോയമ്പത്തൂരിലെ മധുക്കര താലൂക്കിലെ മാവുത്തംപതിയിലെ 4.52 ഏക്കർ ഭൂമി വിൽക്കാൻ സുനിൽ തന്‍റെ കുടുംബ സുഹൃത്തായ വെങ്കിടാചലം വഴിയാണ് ഗിരിധരനെ സമീപിച്ചത്. ഗിരിധരൻ ഭൂമി വാങ്ങാൻ സമ്മതിക്കുകയും 2021 സെപ്റ്റംബർ 28 മുതൽ നവംബർ 23 വരെ സുനിലിന്‍റെയും ബന്ധുക്കളായ ശിവദാസൻ-റീന ദമ്പതികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 97 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. 2021 നവംബർ 24നാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടന്നത്.
ഇതിനുശേഷം, ഗിരിധരൻ എൻകംബ്രൻസ് (ബാധ്യത) സർട്ടിഫിക്കറ്റിന് (ഇ.സി) അപേക്ഷിച്ചപ്പോഴാണ് സുനിലിൽ നിന്ന് വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിൽ സിവിൽ കേസുണ്ടെന്നത് അറിയുന്നത്. 2021 ഡിസംബർ 25 ന് ഗിരിധരൻ ഇ. സി ഉൾപ്പെടെ രേഖകൾ സഹിതം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരു മാസത്തിനകം പണം തിരികെ നൽകാമെന്ന് സുനിൽ ഉറപ്പുനൽകി. 2022 ഫെബ്രുവരി 20ന് ഗിരിധരൻ വീണ്ടും സുനിലിനെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ സുനിൽ, റീന, ഭർത്താവ് ശിവദാസ് എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 120 (ബി), 406, 420, 471 വകുപ്പുകൾ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുനിലിനെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ സുനിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. പൊലീസിന്‍റെ പ്രഥമ വിവര റിപ്പോർട്ടിൽ സുനിൽഗോപിയെന്നാണ് പേരെങ്കിലും യഥാർഥ പേര് സനൽഗോപിയെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.