ഷെ​രീ​ഫ്, അ​ബ്ദു​ൽ ഹ​ക്കീം, ജ​മാ​ലു​ദ്ദീ​ന്‍

കാറിൽ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി

ബദിയടുക്ക: കാറിൽ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി. പ്രതികളായ മൂന്നു പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഗോളിയടുക്കയിലെ കല്‍ക്കത്ത മൊയ്തു എന്ന മൊയ്തീന്‍ കുഞ്ഞിയെ(49)യാണ് കാറിലെത്തിയ മൂന്നുപേർ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് ചട്ടഞ്ചാല്‍ പാദൂരിലെ ജമാലുദ്ദീന്‍(27), ചെങ്കള നാലാംമൈലിലെ ഷെരീഫ്(38), നാലാംമൈല്‍ പാണാര്‍കുളത്തെ അബ്ദുൽ ഹക്കീം(36) എന്നിവരെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് ബദിയടുക്ക ടൗണിലാണ് സംഭവം. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് മൊയ്തീന്‍കുഞ്ഞി ജമാലുദ്ദീന്റെ ബന്ധുവായ ഹംസക്ക് പണം നല്‍കാനുണ്ടായിരുന്നു. ഈ തുക നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് പറയുന്നു. ബദിയടുക്ക ടൗണില്‍ മൊയ്തീന്‍ കുഞ്ഞിയെ കണ്ടപ്പോള്‍ ജമാലുദ്ദീനും സുഹൃത്തുക്കളായ ഷെരീഫും അബ്ദുൽ ഹക്കീമും പണം വേണമെന്ന് ആവശ്യപ്പെട്ടു.

മൊയ്തീന്‍ കുഞ്ഞി പണം നല്‍കാന്‍ വിസമ്മതിച്ചതോടെ വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നു. ഇതിനിടെ മൊയ്തീന്‍ കുഞ്ഞി ഷെരീഫിനെ മര്‍ദിച്ചു. ഇതോടെ പ്രകോപിതരായ സംഘം മൊയ്തീന്‍ കുഞ്ഞിയെ കറുത്ത മാരുതി കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ വിവരം ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.

എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാറിനെ പിന്തുടരുകയും മാന്യ ആലംപാടി റോഡില്‍ വെച്ച് തടയുകയും ചെയ്തു. മൊയ്തീന്‍ കുഞ്ഞിയെ രക്ഷപ്പെടുത്തിയ പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് മൊയ്തീന്‍ കുഞ്ഞിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മൊയ്തീന്‍കുഞ്ഞി പരിക്കേറ്റ നിലയില്‍ ചെങ്കള സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Police have rescued a middle-aged man who was abducted in a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.