കണ്ണൂർ: സെൻട്രൽ ജയിലിൽ മയക്കുമരുന്നുകേസ് പ്രതി കോയ്യോട് സ്വദേശി ടി.സി. ഹർഷാദ് രക്ഷപ്പെട്ട സംഭവത്തിൽ കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. കണ്ണൂർ ടൗൺ എസ്.ഐ ബിനുമോഹൻ അടക്കം പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്.
ഹർഷാദ് സംസ്ഥാനം വിട്ടുവെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. മയക്കുമരുന്ന് കേസ് പ്രതിയായ ഹർഷാദിന്റെ തടവുചാട്ടം ആസൂത്രണം ചെയ്തത് കർണാടകയിലെ മയക്കുമരുന്ന് സംഘമെന്ന നിഗമനത്തിലാണ് പൊലീസ്. രക്ഷപ്പെടാൻ ഉപയോഗിച്ച കർണാടക രജിസ്ട്രേഷനിലുള്ള ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല. ഹർഷാദ് കർണാടകയിലേക്കോ ഭാര്യയുടെ സ്വദേശമായ തമിഴ്നാട്ടിലേക്കോ കടന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് രണ്ടു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇയാൾ രാജ്യം വിട്ടു പോകാതിരിക്കാൻ വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് കൈമാറിയിട്ടുണ്ട്.
കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ 2023 സെപ്റ്റംബർ മുതൽ 10 വർഷം തടവ് അനുഭവിക്കുന്നതിനിടയിലാണ് ഹർഷാദ് ഞായറാഴ്ച തടവുചാടിയത്. ജയിലിലെ വെൽെഫയർ ഓഫിസിൽ ജോലി ചെയ്തിരുന്ന ഇയാൾ രാവിലെ 6.45ഓടെ പത്രക്കെട്ടുകൾ എടുക്കാനായി കവാടത്തിലെത്തിയ ശേഷം ഗേറ്റ് ചാടിക്കടന്ന് നടപ്പാതയിൽ ഇരുചക്രവാഹനത്തിൽ കാത്തിരുന്ന ആൾക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.
ഡ്യൂട്ടി നൽകിയതിൽ ഗുരുതര വീഴ്ച
കണ്ണൂർ സെൻട്രൽ ജയിലിൽ മയക്കുമരുന്ന്, മോഷണ കേസുകളിലടക്കം പ്രതിയായ ഹർഷാദിനെ വെൽഫെയർ ഓഫിസിലും പുറത്തുവരുന്ന പത്രങ്ങൾ എടുക്കാനും നിയോഗിച്ചത് ജയിലധികൃതരുടെ വീഴ്ചയാണെന്ന് റിപ്പോർട്ട്. തടവുകാരൻ രക്ഷപ്പെട്ടത് സംബന്ധിച്ച് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. വിജയകുമാർ തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച ജയിൽ ഡി.ഐ.ജിക്ക് സമർപ്പിക്കും.
കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ സൂപ്രണ്ട് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. തടവുകാരനെ അകമ്പടിയൊന്നുമില്ലാതെ ജയിൽ വളപ്പിലേക്ക് വിട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഒരുവർഷമായി ജയിലിൽ കഴിയുന്ന ഹർഷാദ് ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നു. ഇത് ജയിൽചാട്ടം ആസൂത്രണം ചെയ്യുന്നതിൽ സഹായകമായി. ഇയാളുടെ ഫോൺ വിളികൾ നിരീക്ഷിക്കാത്തതും വിനയായി. പുറം ജോലിക്കും വെൽഫെയർ ഡ്യൂട്ടിക്കും ശിക്ഷ കാലാവധി കഴിയാറായ തടവുകാരെ നിയോഗിക്കുന്നതാണ് രീതി. ഈ മാനദണ്ഡം ഹർഷാദിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. അതേസമയം കാവൽ ഡ്യൂട്ടിക്ക് അടക്കം ജയിലിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തടവുകാരൻ രക്ഷപ്പെടാൻ കാരണമായതാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.