തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി ജാഹിർ ഹുസൈൻ രക്ഷപ്പെട്ട സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ട്. സെൻട്രൽ ജയിലിന്‍റെ പിൻഭാഗത്താണ് അലക്കു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ജയിലിന് മതിൽ നിർമിച്ചിട്ടില്ല. ഈ വഴിയാണ് പ്രതി കടന്നു കളഞ്ഞതെന്നാണ് പൊലീസ് നിഗമനം.
രാവിലെയാണ് അലക്കു കേന്ദ്രത്തിലേക്ക് രണ്ടു തടവുകാരെ ഒരു വാർഡൻ കൊണ്ടു വന്നത്. മറ്റ് ആവശ്യങ്ങൾക്കായി വാർഡൻ ജയിലിലേക്ക് മടങ്ങിയ സമയത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തിൽ നിന്നും എടുത്ത ഷർട്ട് റോഡിൽവെച്ച് ധരിക്കുന്നതും തുടർന്ന് ഒാട്ടോയിൽ കയറി പ്രതി രക്ഷപ്പെടുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്.
തൈക്കാട്ടേക്ക് ആദ്യം പോയ പ്രതി പിന്നീട് അവിടെ നിന്ന് നടന്ന് തമ്പാന്നൂർ ബസ്റ്റാന്‍റിൽ എത്തുകയും കളയിക്കാവിള ഭാഗത്തേക്ക് പോകുന്ന ബസിൽ കറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മതിലില്ലാത്ത ഭാഗത്തു കൂടി അലക്കു കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്ന തടവുകാർ സമീപത്തെ കടയിൽ നിന്ന് സിഗരറ്റ് വാങ്ങിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
2015ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത വജ്രവ്യാപാരിയായ മൊയ്തീനെ കൊലപ്പെടുത്തി വജ്രങ്ങളും ആഭരണങ്ങളും കൈക്കലാക്കിയ കേസിലെ പ്രതിയാണ് തൂത്തുകുടി സ്വദേശിയായ ജാഹിർ ഹുസൈൻ. തൂത്തുകുടിയിൽ നിന്ന് അറസ്റ്റിലായ പ്രതിക്ക് 2017ലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്നാണ് പ്രതിയെ പൂജപ്പുര സെൻട്രൽ ജയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് അലക്കു കേന്ദ്രത്തിലെ ജോലികൾക്കിടെ ഇയാൾ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.