പൊ​ലീ​സ്​ പി​ടി​​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

30 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

പത്തനംതിട്ട: വാടകക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച നിലയിൽ 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി.

ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ ഡാൻസാഫ് സംഘത്തിന്റെയും, ആറന്മുള പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ ബിനുരാജ് വാടകയ്ക്കെടുത്ത കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപത്തെ വീട്ടിൽനിന്ന് ഇവ കണ്ടെടുത്തത്.

വിവിധ ഇനങ്ങളിൽ പ്പെട്ട 37,000 ത്തിൽഅധികം പുകയില ഉൽപന്ന പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. രാവിലെ പത്തു മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചക്ക് ശേഷവും തുടർന്നു. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ സ്ഥലം സന്ദർശിച്ചു.

ഡാൻസാഫ് ജില്ല നോഡൽ ഓഫിസറും നാർകോട്ടിക് സെൽ ഡിവൈ. എസ്.പിയുമായ കെ.എ. വിദ്യാധരന്‍റെയും, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്‍റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുരാജിന്‍റെ അടുത്ത ബന്ധുക്കളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഡിവൈ. എസ് പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇവർ കോഴഞ്ചേരി കോഴിപ്പാലത്തിനടുത്ത് വാടകയ്ക്ക് എടുത്തുകൊടുത്ത ഒരു കടയിലെ വാഴക്കുല കച്ചവടത്തിന്റെ മറവിലാണ് പുകയില ഉൽപന്നങ്ങൾ ബിനുരാജ് വിറ്റഴിച്ചുകൊണ്ടിരുന്നത്. ഒളിവിൽ പോയ ബിനുരാജിനായി തിരച്ചിൽ ഊർജിതമാക്കി.

പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും പൊലീസ് കണ്ടെടുത്തു. ഈ വീടിന് സമീപം വേറെ രണ്ട് വീടുകൾ കൂടി ഇയാൾ വാടകക്ക് എടുത്തിട്ടുണ്ട്. ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡാണ് കോഴഞ്ചേരിയിൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡാൻസാഫ് ടീമും ആറന്മുള പൊലീസും തുടരുകയാണ്.

കഴിഞ്ഞ കുറെ ആഴ്ചകളായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓണക്കാലത്ത് ചില്ലറ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇവ. ലഹരിവസ്തുക്കളുടെ ചില്ലറ വിൽപനക്കായി ഉപയോഗിച്ചിരുന്ന മൂന്നു ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.

ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജ്‌, ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമുവൽ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരും, ആറന്മുള എസ്.ഐ അനിരുദ്ധൻ, എ.എസ്.ഐ വിനോദ്, എസ്.സി.പി ഓ സുജ, സി.പി.ഒ രാകേഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Tags:    
News Summary - prohibited tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.