ബേപ്പൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടുവട്ടം പെരച്ചനങ്ങാടി മത്സ്യമാർക്കറ്റിന് പിൻവശം അദീബ് മഹലിൽ അദീബ് (32)അറസ്റ്റിലായി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രണയം നടിച്ച് യുവതിയെ രണ്ടു മാസം മുമ്പ് ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കേസ് . യുവതിയുടെ മൂന്നര പവൻ ആഭരണങ്ങൾ തട്ടിയെടുക്കുകയും സുഹൃത്തിന്‍റെ സഹായത്തിൽ വിൽപന നടത്തിയതായും പരാതിയുണ്ട്. ഗോവയിൽ താമസിപ്പിച്ച് യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഇയാൾ സ്വർണം വിറ്റ പണം തീർന്നപ്പോൾ മടങ്ങും വഴി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉപേക്ഷിച്ചു കടന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ ബേപ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ മനോനില തെറ്റിയ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി പിന്നീട് ലഹരിമുക്തകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷം മനോനില വീണ്ടെടുത്ത യുവതിയുടെ മൊഴി എടുത്തപ്പോഴാണ് ക്രൂരപീഡന വിവരം അറിഞ്ഞത് . ഇതോടെ പ്രതിയെ പിടികൂടാൻ പൊലീസ് നീക്കം ആരംഭിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും, രഹസ്യ നീക്കത്തിൽ ഇൻസ്പെക്ടർ വി.സിജിത്തിന്‍റെ നേതൃത്വത്തിൽ പെരച്ചനങ്ങാടിയിലെ ബന്ധുവീടിന് സമീപത്തുവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയതിന് പിടിയിലാവുകയും, സൗദിയിൽ മൂന്ന് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് വീട് കവർച്ചക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ സി. അബ്ദുൽ വഹാബ് , എ.എസ്.ഐ പി. അരുൺ,സീനിയർ സി.പി.ഒ കെ. വിനോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.