പൂണെ: പൂണെ കാർ അപകട കേസിൽ കൗമാരക്കാരന്റെ രക്ത സാമ്പിളുകളുടെ ഫലത്തിൽ കൃത്രിമം കാണിച്ച പൂണെ സാസൂൺ ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡോ. അജയ് താവ്രെ, ഡോ. ഹരി ഹാർനോർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രക്ത സാമ്പിളുകളയുടെ ഫലത്തിൽ കൃത്രിമം കാണിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഇപ്പോൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്ന കൗമാരക്കാരൻ്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം നെഗറ്റീവ് ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അപകടം നടന്ന അന്നുരാത്രി കൗമാരക്കാരൻ പോയ ബാറുകളിൽ ഒന്നിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങൾ ഉണ്ട്.
ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിൽ മദ്യപിച്ച് വാഹന ഓടിച്ചാൽ അപകടമുണ്ടാകുമെന്ന പൂർണ ബോധ്യത്തോടെയാണ് കൗമാരക്കാരൻ ഇങ്ങനെ ചെയ്തതെന്നും പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനമോടിച്ചത് താനാണെന്ന് പറയാൻ ഡ്രൈവറെ നിർബന്ധിച്ച കുറ്റത്തിനാണ് സുരേന്ദ്ര അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 19നായിരുന്നു കൗമാരക്കാരൻ മദ്യപിച്ച് അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് രണ്ട് ഐ.ടി പ്രൊഫെഷനലുകൾ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.