തൃശൂർ: സി.പി.എം പ്രവർത്തകൻ കൊടുങ്ങല്ലൂർ മതിലകം ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്‌ജി പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ രാജുവിന്‍റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി നൽകണം.
കൊടുങ്ങല്ലൂർ എസ്.എൻ പുരം വാഴൂർ രാമൻകുളത്ത് രതീഷ് (35), പടിഞ്ഞാറെ വെമ്പല്ലൂർ കൈപോത്ത് ഗിരീഷ് (42), എസ്.എൻ പുരം കടപ്പുറം പറളമുറി ഇരുമ്പൻ മനോജ് (44), പടിഞ്ഞാറെ വെമ്പല്ലൂർ വാഴൂർ രഞ്ജിത്ത് (രാജു -31), എസ്.എൻ പുരം ബേബികടവ് പെരിങ്ങത്ര സുരേന്ദ്രൻ (സുനിൽ), എസ്.എൻ പുരം ബസാർദേശം അനങ്ങാട്ട് കിഷോർ (40), പൂവത്തുംകടവ് തോപ്പിൽ ഷാജി (മാരി ഷാജി -39) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവർ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കണ്ണൻ, ശ്രീകുമാർ എന്നീ പ്രതികളെ വെറുതെ വിട്ടിരുന്നു.
കൊലക്കുറ്റത്തിന് ഐ.പി.സി 302 പ്രകാരം ഏഴു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഐ.പി.സി 450 പ്രകാരം അഞ്ചുവർഷം തടവും ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചതിന് ഐ.പി.സി 326 പ്രകാരം അഞ്ചുവർഷം ശിക്ഷയും വിധിച്ചു. കുറ്റകരമായി സംഘം ചേർന്നതുൾപ്പെടെ മറ്റു വകുപ്പ് പ്രകാരവും ശിക്ഷ വിധിച്ചു.
2006 സെപ്റ്റംബർ 24നാണ് സംഭവം. ഭാര്യയുമൊത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രാജുവിനെ പാതിരാത്രി വീട് തകർത്താണ് ആർ.എസ്.എസ് -ബി.ജെ.പി സംഘം കൊലപ്പെടുത്തിയത്. രക്ഷിക്കാൻ ശ്രമിച്ച ഭാര്യ സന്ധ്യക്കും വെട്ടേറ്റിരുന്നു. യുവമോർച്ച പ്രവർത്തകനായിരുന്ന സത്യേഷ് വധക്കേസിലെ പ്രതിയായിരുന്നു രാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.