കാഞ്ഞങ്ങാട്: ആസിഡൊഴിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. പാലക്കാട് ആലത്തൂർ കിഴക്കഞ്ചേരി കുറുന്തോട്ടിൽ ബി.എം. ജോണിനെയാണ് (60) കാസർകോട് അഡീഷനൽ ജില്ല ജഡ്ജി ആജിന്തയ രാജ് ഉണ്ണി ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം കഠിന തടവിനുപുറമെ അരലക്ഷം രൂപ പിഴയടക്കണം. ഇല്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. തെക്കിൽ സ്വദേശി കാപ്പാത്തിക്കാൽ അരവിന്ദാക്ഷന് (48) നേരെയായിരുന്നു ആസിഡ് ആക്രമണം.
2021 നവംബർ 17നാണ് സംഭവം. കൊളത്തൂർ ചരക്കടവിൽ പരാതിക്കാരന്റെ കൃഷിയിടത്തിലേക്ക് ജോൺ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതിന്റെയും ഇയാൾക്ക് കൊടുക്കാനുള്ള 150 രൂപ കൊടുക്കാത്തതിന്റെയും വിരോധത്തിൽ റബർ പാലിൽ ചേർക്കുന്ന ആസിഡ് ഒഴിച്ച് വധിക്കാൻ ശ്രമിച്ചതായാണ് കേസ്. സംഭവത്തിൽ അരവിന്ദാക്ഷന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയതും അന്നത്തെ ബേഡകം സി.ഐ ആയിരുന്ന ടി. ഉത്തംദാസാണ്. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സി.ഐ കെ. ദാമോദരനാണ്. 20ഓളം സാക്ഷികളെ വിസ്തരിക്കുകയും 15ഓളം രേഖകൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. സതീശൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.