കോട്ടയം: മുണ്ടക്കയത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിൽ മോഷണത്തിനെത്തിയവർ സ്ഥാപനത്തിൽ സൂക്ഷിച്ച ലക്ഷം രൂപ തൊട്ടില്ല, കൈക്കലാക്കിയത് 11 കുപ്പി മദ്യം!. മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ചില്ലറ വില്പനശാലയിലാണ് 'കുപ്പി' മോഷണം.
വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ഇവർ എത്തിയപ്പോൾ സ്ഥാപനത്തിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു.
പണമായി ഒരു ലക്ഷം രൂപ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നെന്നും എന്നാൽ, ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചത്. എന്നാൽ, 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പിൽ വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കൾ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളിൽ ഇല്ല. അതിനാൽ മദ്യം എടുക്കൽ മാത്രമായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്ന അനുമാനത്തിലാണ് പൊലീസ്. എക്സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.