കൊല്ലം: പാസ്പോർട്ട് ലഭിക്കാൻ കൊറിയർ ചാർജ് ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നതായി പരാതി. പാസ്പോർട്ടിന് അപേക്ഷ നൽകി റീജനൽ പാസ്പോർട്ട് ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തിയായ വ്യക്തികൾക്ക്, പാസ്പോർട്ട് കൊറിയർ ഓഫിസിൽ എത്തിയിട്ടുണ്ടെന്നും അയച്ചുകിട്ടുന്നതിന് കൊറിയർ ചാർജ് നൽകണമെന്നും ആവശ്യപ്പെട്ട് അപേക്ഷകരുടെ ഫോണിൽ ബന്ധപ്പെടുകയും 10 രൂപ കൊറിയർ ചാർജ് ആയി നൽകുന്നതിനായി ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്തുമാണ് തട്ടിപ്പ് നടത്തുന്നത്.
അപേക്ഷകർക്ക് ലഭിക്കുന്ന ഓൺലൈൻ ലിങ്കിൽ മൊബൈൽ നമ്പർ, യു.പി.ഐ ഐഡി എന്നീ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി മുഖേനയാണ് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുന്നത്. ആലപ്പുഴ, കോട്ടയം സ്വദേശികളാണ് ഇത്തരം തട്ടിപ്പിനിരയായതെന്ന് ജില്ല പൊലീസ് അധികാരികൾ പറഞ്ഞു. ചിലരുടെ അക്കൗണ്ടുകളിൽ നിന്ന് വൻ തുകയാണ് ഇത്തരത്തിൽ നഷ്ടമായത്.
പാസ്പോർട്ടിന് അപേക്ഷ കൊടുത്തവർക്ക് പൊലീസ് വെരിഫിക്കേഷനുശേഷം അപേക്ഷ സമർപ്പിച്ച റീജനൽ പാസ്പോർട്ട് ഓഫിസുകളിൽ നിന്ന് തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് സംവിധാനം വഴിയാണ് അപേക്ഷകന്റെ വിലാസത്തിലേക്ക് പാസ്പോർട്ട് അയച്ചുനൽകുന്നത്. അപേക്ഷകന് പാസ്പോർട്ട് എത്തിച്ചുനൽകുന്നതിനായി തപാൽ വകുപ്പ് അപേക്ഷകരിൽ നിന്ന് യാതൊരു വിധത്തിലുള്ള ചാർജുകളും ഈടാക്കുന്നില്ല. ഇത്തരം തട്ടിപ്പുകളിൽ ഇരയാകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.