നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ മയക്കുമരുന്നും ലഹരിവസ്തുക്കളും കൈമാറുന്ന സംഘത്തിലെ പ്രധാന പ്രതി നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂട് കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടിൽ ബോസ് എന്ന ഷാൻമാധവൻ (40) ആണ് പിടിയിലായത്. ജില്ലക്കകത്തും പുറത്തുമായി സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരിമരുന്ന് വിൽപന.
സ്കൂൾ വിദ്യാർഥികളുടെ പ്രാരബ്ധം ചൂഷണം ചെയ്താണ് ഇയാൾ മയക്കുമരുന്ന് വാഹകരാക്കുന്നത്. സോഷ്യൽ മീഡിയ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ലഹരി ഉപയോഗം തിരയുന്ന വിദ്യാർഥികളുടെ പ്രൊഫൈൽ മനസ്സിലാക്കിയാണ് സൗഹാർദം സ്ഥാപിക്കുന്നത്. ഒരുകുട്ടിയെ ലഭിക്കുന്നതോടെ മറ്റുള്ള കുട്ടികളെക്കൂടി വശത്താക്കുന്നതാണ് രീതി. വിദ്യാർഥികളെ ആദ്യം ലഹരിക്ക് അടിമയാക്കിയശേഷം ലഹരിവിൽപനക്ക് ഉപയോഗിക്കും. തുടർന്ന് കുട്ടികളുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ച് ചാരിറ്റി പ്രവർത്തകനാണെന്നമട്ടിൽ സാമ്പത്തികമായി സഹായിക്കുന്നതോടെ വീട്ടുകാരുടെ വിശ്വാസവും നേടിയെടുക്കും. സാമ്പത്തികസഹായം, വീട്ടുവാടക ഉൾപ്പെടെ നൽകുന്നതോടെ കുട്ടികൾക്കും ഷാൻമാധാവനിൽ വിശ്വാസം വർധിക്കും. അതിനുശേഷമാണ് ഇവരെ ഉപയോഗിച്ച് കഞ്ചാവും ലഹരിഗുളികകൾ ഉൾപ്പെടെ ആവശ്യക്കാർക്ക് എത്തിക്കുന്നത്.
തമിഴ്നാട്ടിൽനിന്ന് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതിനായി വിദ്യാർഥിനികളെ കാറിന് മുന്നിലിരുത്തി പോകുന്നതിലൂടെ വാഹനപരിശോധനയിൽനിന്ന് രക്ഷപ്പെടും. വാഹനവിൽപന, പന്നിഫാം, റിയൽ എസ്റ്റേറ്റ് കച്ചവടമുൾപ്പെടെ പ്രതി നടത്തിവരുന്നു. നെയ്യാറ്റിൻകര, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലായി ആറുകേസുകളിൽ പ്രതിയാണ്.
റൂറൽ എസ്.പി കിരൺ നാരായണൻ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. ഷാജി, നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ബി. പ്രവീൺ, സബ് ഇൻസ്പെക്ടർമരായ കെ. സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് ജസ്റ്റിൻ, റൂറൽ ജില്ല ഡാൻസാഫ് അംഗമായ ഗ്രേഡ് എസ്.ഐ പ്രേമൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനീഷ്, പത്മകുമാർ, അരുൺ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
64 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മാർത്താണ്ഡം: പുതുക്കട കുന്നത്തൂർ തോട്ടവാരത്തിൽ വീട്ടിൽ ഒളിപ്പിച്ചുെവച്ചിരുന്ന 64 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെ (38) പുതുക്കട ഇൻസ്പെക്ടർ ജാനകിയും സംഘവും അറസ്റ്റ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് പൊലീസ് ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.