ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെയും മധ്യവയസ്കനെ ആക്രമിച്ച കേസിൽ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ശ്രീകണ്ഠമംഗലം കാരപ്പറമ്പിൽ വീട്ടിൽ ആന്റണി എബ്രഹാം (22), ഇയാളുടെ സഹോദരൻ ഗ്രിഗോറിയസ് എബ്രഹാം (20), ശ്രീകണ്ഠമംഗലം കാരപ്പറമ്പിൽ വീട്ടിൽ എബ്രഹാം ആന്റണി (47), മണ്ണാർകുന്ന് കാരപ്പറമ്പിൽ വീട്ടിൽ ജോസ് ആന്റണി (43), അതിരമ്പുഴ കാരപ്പറമ്പിൽ വീട്ടിൽ ജിജോ ജോർജ് (46), അതിരമ്പുഴ നാലാങ്കൽ ലിജിൻ തോമസ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് ജിജോ ജോർജ് ഓടിച്ച ഓട്ടോറിക്ഷ അതിരമ്പുഴ ഭാഗത്ത് അപകടത്തിൽപെട്ട് അതിലെ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ജിജോ ജോർജ് വിസമ്മതിച്ചിരുന്നു. ഇത് നാട്ടുകാരനായ ലിനോ കെ. തോമസ് ചോദ്യംചെയ്തിരുന്നു.
ഇതിലെ വിരോധംമൂലം പ്രശ്നങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ എബ്രഹാം ആന്റണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നാലുപേരും ചേർന്ന് യുവാവിനെ മർദിക്കുകയും തുടർന്ന് വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇതേ പ്രശ്നത്തിന്റെ പേരിൽ ജോർജുകുട്ടി എന്ന മധ്യവയസ്കനെ ജിജോ ജോർജും ലിജിൻ തോമസും ജോസ് ആന്റണിയും ചേർന്ന് ചീത്തവിളിക്കുകയും ഇഷ്ടികകൊണ്ട് ആക്രമിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ എസ്.എച്ച്.ഒ പ്രസാദ്, എബ്രഹാം വർഗീസ്, സി.പി.ഒമാരായ സെയ്ഫുദ്ദീൻ, ഡെന്നി പി. ജോയ്, അനൂപ്, പ്രദീപ്, പ്രവീൺ പി. നായർ, പുന്നൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ഇവരില്‍ ഒരാളായ ആകാശ് എന്ന ആന്റണി എബ്രഹാമിന് ഏറ്റുമാനൂർ സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.