ഏറ്റുമാനൂര്‍: സ്വന്തം മാതാവിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയെന്ന ഏറ്റുപറച്ചിലുമായി മധ്യവയസ്കന്‍ പൊലീസ് സ്റ്റേഷനില്‍. കഴിഞ്ഞദിവസം വൈകീട്ടാണ് പേരൂര്‍ മന്നാമല ഭാഗത്ത് താമസിക്കുന്ന ഷിബുമോന്‍ (51) ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. സംഭവം കേട്ട പിന്നാലെ ഷിബുവിനെയും കൂട്ടി വീട്ടിലെത്തിയ പൊലീസിന് കാണാനായത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വയോധികയെ. ഇവരെ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷിക്കാനായി.
പേരൂര്‍ മന്നാമല അമ്പനാട്ട് വീട്ടില്‍ വാടകക്ക് താമസിക്കുന്ന മാളികപ്പുരക്കല്‍ സുനന്ദയെയാണ് (74) മകന്‍ ഷിബുമോന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചുറ്റികകൊണ്ടുള്ള അടിയെത്തുടര്‍ന്ന് തലക്ക് മാരക പരിക്കേറ്റ് നിലത്തുവീണ സുനന്ദ മരിച്ചെന്ന് കരുതിയാണ് ഷിബുമോന്‍ ഓടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് പേരൂര്‍ മന്നാമല ഭാഗത്ത് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഷിബുമോനും മാതാവ് സുനന്ദയും തമ്മില്‍ നിലനിന്ന കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ചുറ്റിക ഉപയോഗിച്ച് അടിയേറ്റ സുനന്ദയുടെ തലയോട്ടിക്ക് പൊട്ടലും തലയുടെ പിറകുവശത്ത് ആഴത്തില്‍ മുറിവുമുണ്ട്. ആരോഗ്യനില നിലവില്‍ ആശങ്കജനകമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷിബുമോന്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. സുനന്ദയും ഷിബുമോനും തൃശൂര്‍ സ്വദേശികളാണ്. ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.